തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഹരജി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കിയത്. കൂടുതല്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് തുടരന്വേഷിക്കണമെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ തന്റെ വാദം കേള്‍ക്കുന്നതിന് അവസരം നല്‍കണമെന്ന് കാണിച്ച് ടി.എച്ച് മുസ്തഫ കോടതിയില്‍ രേഖാമൂലം അപേക്ഷ നല്‍കി. താന്‍ നേരത്തേ നല്‍കിയ വിടുതല്‍ ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിച്ചൂവെന്ന് മുസ്തഫ ചൂണ്ടിക്കാട്ടി. മുസ്തഫയുടെ വാദം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് കോടതി മാര്‍ച്ച് ഏഴിലേക്ക് മാറ്റി.

പാമോലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ പ്രതിയായ കേസിന്റെ സ്‌റ്റേ നീക്കിയ സുപ്രീം കോടതി, വിചാരണ തുടങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. കേസില്‍ എട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ കരുണാകരന്‍ മരിച്ചതോടെ അദ്ദേഹത്തെ ഒഴിവാക്കി പ്രതിസ്ഥാനത്ത്് ഏഴ് പേരായി.

എന്നാല്‍ അഴിമതി നടന്നവെന്ന് പറയുന്ന കാലത്ത് ധനമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാത്ത സാഹചര്യത്തില്‍ തന്നേയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ മുന്‍ സിവില്‍ സപ്ലൈസ് മന്ത്രി ടി എച്ച് മുസ്തഫ കോടതിയില്‍ ഒഴിവാക്കല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ മുഖ്യ വിജിലന്‍സ് കമ്മീഷണരും, 1991.92 കാലത്ത് സിവില്‍ സപ്ലൈസ് സെക്രട്ടറിയുമായിരുന്ന പി ജെ തോമസ് എട്ടാം പ്രതിയായ കേസില്‍ 2003ലാണ് വിജിലന്‍സ് കേസെടുക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് കേസിന്റെ രേഖകള്‍ വിജിലന്‍സ് കോടതിയില്‍ എത്തിച്ചു കഴിഞ്ഞാല്‍ വിചാരണ തുടങ്ങും.