ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ വിചാരണക്കോടതിയില്‍ നടപടികള്‍ തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

2007 ഓഗസ്ത് മൂന്നിനാണ് വിചാരണ നടപടികള്‍ തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു കരുണാകരന്‍ നല്‍കിയ പ്രത്യേകാനുമതി ഹരജിയിലായിരുന്നു തീരുമാനം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസിന്റെ വിചാരണ സ്റ്റേ കാരണം മാറ്റിവയ്ക്കപ്പെടുകയാണ്. സ്റ്റാന്റിങ് കൗണ്‍സില്‍ ആര്‍ സതീഷ് ഹരജിയില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

കേസിലുള്‍പ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ തനിക്കെതിരേയുള്ള നടപടികളുമായി മുന്നോട്ട് പോകാനാവില്ലെന്നു ചൂണ്ടിക്കാട്ടി കരുണാകരന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിചാരണ സ്റ്റേ ചെയ്തത്.