തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തുടരന്വേഷണമാകാമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാന സര്‍ക്കാറും വിജിലന്‍സും നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് കോടതി ജഡ്ജ് എസ് ജഗദീശിന്റെ് ഉത്തരവ്.

ഏതെങ്കിലും കേസില്‍ തുടരന്വേഷണം വേണമെന്ന് സര്‍ക്കാറിനോ അന്വേഷണ ഏജന്‍സിക്കോ തോന്നുന്നുണ്ടെങ്കില്‍ അതിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതി ചോദിച്ച സാഹചര്യത്തില്‍ മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഹരജിയില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഒപ്പുവച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയാണ്. കേസില്‍ 35ാം സാക്ഷിയാണ് ഉമ്മന്‍ചാണ്ടി. പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ ടി.എച്ച് മുസ്തഫ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.

മേല്‍ക്കോടതി ഉത്തരവുണ്ടായിരുന്നതിനാല്‍ പാമൊലിന്‍ കേസില്‍ 2001ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടരന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കരുണാകരന്‍ അന്തരിച്ച ശേഷം ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്‌റ്റേ നീക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണം നടക്കുമ്പോള്‍ കരുണാകരന്‍ സുപ്രീം കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതിനാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് എസ്.പി വി. ശശിധരന്‍ കോടതിയെ അറിയിച്ചിരുന്നു.

അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പത്രസമ്മേളനത്തില്‍ പാമൊലിന്‍ കേസിനെപ്പറ്റി എല്ലാകാര്യങ്ങളും തനിക്ക് അറിയാമെന്നു പറഞ്ഞിരുന്നു. കേസിലെ നാലാംപ്രതി സഖറിയാ മാത്യു ഫയല്‍ ചെയ്ത വിടുതല്‍ ഹരജിയിലും ചില വെളിപ്പെടുത്തലുകളുണ്ട്. ധനമന്ത്രിയുടെ അനുമതി ഇല്ലാതെ ഇടപാട് സാധ്യമാകുമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേസിന്റെ അന്വേഷണ സമയത്തു പരിഗണിക്കാതിരുന്ന ചില ഘടകങ്ങളെ കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സഭയില്‍ വച്ച ഫയലിലും വെളിപ്പെടുത്തലുകളുണ്ട്. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ചീഫ് വിജിലന്‍സ് കമ്മിഷണറായിരുന്ന പി.ജെ. തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയും പാമൊലിന്‍ കേസ് സംബന്ധിച്ചു ഗൗരവമുള്ള പരാമര്‍ശം നടത്തിയിരുന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

പാമോയിലില്‍ തെന്നി വീഴുന്നത് ഉമ്മന്‍ചാണ്ടി

‘പ്രതിചേര്‍ത്താലുള്ള സാഹചര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്’