തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ കമ്പനി കരാര്‍ വ്യവസ്ഥ ലംഘിച്ചു. കരാര്‍ റദ്ദാക്കാനോ കമ്പനിക്കെതിരേ നടപടിയെടുക്കാനോ അധികാരമുണ്ടെന്നിരിക്കെ നാലുദിവസമായിട്ടും സര്‍ക്കാര്‍ നിസംഗത തുടരുന്നു. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ 2012 ഡിസംബര്‍ നാലിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ടോള്‍ പിരിവ് തുടങ്ങുമ്പോള്‍ 120 ദിവസത്തിനകം പാതയില്‍ ഡ്രെയിനേജ് സംവിധാനങ്ങളും മീഡിയനുകളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതുമടക്കം നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് കമ്പനി ഉറപ്പ് നല്‍കിയിരുന്നത്.

ഇവയെല്ലാം സമയബന്ധിതമായി നടപ്പാക്കുന്നതിന് പഞ്ച് ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്‍ഡ് ടെക്‌നോക്രാറ്റ്‌സ് എന്ന സ്ഥാപനമാണ് നിര്‍മ്മാണത്തിലെ ഇന്‍ഡിപ്പെന്‍ഡന്റ് കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ടോള്‍ പിരിക്കുന്നതും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.

രൂപരേഖ പാലിച്ചാണോ നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് പരിശോധിക്കുക, കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് കണ്‍സള്‍ട്ടന്‍സിയുടെ ചുമതലകള്‍. കണ്‍സള്‍ട്ടന്‍സി നല്‍കിയിരുന്ന പഞ്ച് ലിസ്റ്റ് അപൂര്‍ണമാണെന്ന് മുന്‍പു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കരാറിലുണ്ടായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വഴിവിളക്കുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍, ബസ് ബേകള്‍ എന്നിവപഞ്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ 10 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യമുന്നയിക്കപ്പെട്ടിരുന്നു. നിലവിലെ പഞ്ച്‌ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 4 ന് അവസാനിച്ചിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താതെ കമ്പനി പിരിവ് തുടരുകയാണ്. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു മുന്‍തൂക്കം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്തിരുന്നു. ഇതുവരെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും പലയിടത്തും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മഴ പെയ്തപ്പോള്‍ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവംമൂലം റോഡില്‍ മിക്കയിടത്തും വെള്ളംകെട്ടി നിന്നിരുന്നു. ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങളുമുണ്ടായി. എതിര്‍വശത്തുനിന്നുള്ള വാഹനങ്ങളുടെ പ്രകാശം അപകടമുണ്ടാക്കാതിരിക്കാനാണ് റോഡിനു നടുവില്‍ പുല്ലുകള്‍ വച്ചുപിടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇവയുടെ അഭാവം നിലവില്‍ രാത്രിയാത്ര ദുസഹമാക്കുന്നുണ്ട്.

ഡീറ്റെയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനാല്‍ ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ കമ്പനി ചെയ്യാത്തതായുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഏപ്രില്‍ 4 നുള്ളില്‍ പഞ്ച് ലിസ്റ്റിലുള്ള നിര്‍മ്മാണങ്ങള്‍ നടത്താമെന്ന ഉറപ്പ് പാലിക്കാന്‍ കമ്പനി തയ്യാറാകാത്തതോടെ കരാര്‍ ലംഘിച്ചതിന്റെ പേരില്‍ സര്‍ക്കാരിന് എഫ്.ആര്‍.പി. 33.2 വകുപ്പു പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്. ഇതിനുള്ള വ്യവസ്ഥ കരാറിലുണ്ട്. ഇന്‍ഡിപ്പെന്‍ഡന്റ് കണ്‍സള്‍ട്ടന്‍സിക്കും ടോള്‍ പിരിക്കുന്ന കമ്പനിക്കെതിരേ നടപടിയെടുക്കാം. പഞ്ച് ലിസ്റ്റിന് പുറമേ ബസ്‌ബേ, സ്ട്രീറ്റ് ലൈറ്റ്, സര്‍വീസ് റോഡ്, സീബ്രാ ലൈനുകള്‍, കാല്‍നടക്കാരുടെ സുരക്ഷിതത്വത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങി കരാറിലുള്ള നിരവധി ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കരാര്‍ തെറ്റാണെന്നും നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അതിനാല്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ പഞ്ച് ലിസ്റ്റ് ചൂണ്ടിക്കാട്ടിയാണ് കമ്പനി പിരിവ് തുടരാനുള്ള അനുകൂല വിധി സമ്പാദിച്ചത്. ലിസ്റ്റ് പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കാനും പിഴയീടാക്കാനും സാഹചര്യമുണ്ടെന്നും കമ്പനിതന്നെ കോടതിയില്‍ പറഞ്ഞിരുന്നു. കരാര്‍ റദ്ദാക്കണമെന്ന് സമരസമിതിയടക്കമുള്ള സംഘടനകള്‍ ആവശ്യമുന്നയിച്ചപ്പോള്‍ കരാര്‍ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടെന്നും ഇനി ഒന്നും ചെയ്യാനാകില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കരാര്‍ റദ്ദാക്കാനുള്ള അനുകൂല സാഹചര്യമുണ്ടായിട്ടും നടപടി കൈക്കൊള്ളുന്നില്ല. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി റോഡ്, കമ്പനിയില്‍ നിന്ന് ഏറ്റെടുക്കാന്‍ നാഷണല്‍ ഹൈവേ അഥോറിട്ടിയോട് സര്‍ക്കാരിന് ആവശ്യപ്പെടാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മുഖ്യമന്ത്രി കമ്പനിയെ സഹായിക്കുകയാണെന്നും ആരോപണമുണ്ട്.

Malayalam News

Kerala News in English