Administrator
Administrator
ടോള്‍ വിരുദ്ധ സമരത്തില്‍ മേധാ ; മാധ്യമങ്ങള്‍ വാര്‍ത്ത പ്രാദേശിക പേജിലൊതുക്കി
Administrator
Monday 5th March 2012 10:27am

പാലിയേക്കര: ദേശീയപാതകള്‍ സ്വകാര്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തൃശൂര്‍ പാലിയേക്കരയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേധാ പട്കര്‍ എത്തിയത് സമരക്കാര്‍ക്ക് ആവേശമായി. 50 ശതമാനത്തോളം കള്ളപ്പണം വിതരണം ചെയ്യാനായി ഉണ്ടാക്കുന്നതാണ് ബി.ഒ.ടി. കരാറുകള്‍ എന്ന് മേധാ പട്കര്‍ ആരോപിച്ചു. കരാറില്‍ ഒപ്പുവെച്ച സി.പി.ഐ.എമ്മും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ്സും ബഹുരാഷ്ട്ര കുത്തകകളുടെ ലാഭവിഹിതം പറ്റുന്നവരാണെന്നും  ടോള്‍വിരുദ്ധ സമര സമിതിയുടെ ജീവന്‍രക്ഷാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മേധ പറഞ്ഞു.

പൊതുനിരത്തുകളിലെ സഞ്ചാര സ്വാതന്ത്ര്യത്തിനായി വിവിധ രാഷ്ട്രീയ സംഘടനകള്‍ ഒന്നിച്ചുപോരാടുന്നത് കേരളത്തില്‍ മാത്രമാണ്. മാവോയിസ്റ്റുകളെപ്പോലും സര്‍ക്കാരുകള്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്ന കാലത്ത് സഹനസമരം നടത്തുന്നവരെ അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ അദ്ഭുതം തോന്നുന്നു. മുഖ്യമന്ത്രിക്കസേരയിളക്കുന്ന സമരത്തിനായി ശക്തി സംഭരിക്കാന്‍ ഇപ്പോഴുള്ള നിരാഹാരസമരത്തില്‍ നിന്ന് തത്കാലം പിന്മാറാന്‍ മേധ പട്കര്‍ സമരസമിതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

സംഗമത്തില്‍ സമരസമിതി ചെയര്‍മാന്‍ സി.ജെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സമരസമിതി അംഗങ്ങളായ സി.പി.ഐ., ബി.ജെ.പി., സോളിഡാരിറ്റി, പോരാട്ടം, സി.പി.ഐ. (എം.എല്‍.), റെഡ്ഫഌഗ്, എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. സോഷ്യലിസ്റ്റ് ജനത, പി.ഡി.പി. തുടങ്ങി മുപ്പതോളം സംഘടനകള്‍ പങ്കെടുത്തു.

വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ., ശോഭ സുരേന്ദ്രന്‍, എം.ടി. രമേഷ്, റഷീദ് പാലേരി, പി.സി. ഉണ്ണിച്ചെക്കന്‍, അഡ്വ. മാന്വല്‍, രാജേഷ് അപ്പാട്ട്, മജീദ് ടി.എം., ഹാഷിം ചേന്ദംപിള്ളി, യൂജിന്‍ മോറേലി, കെ.ജി. മോഹനന്‍, ഇ.കെ. മുഹമ്മദാലി, ടി.ആര്‍. രമേഷ്, അഡ്വ. കെ.പി. കുമാരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

സി.പി.ഐ.എമ്മിനും കോണ്‍ഗ്രസ്സിനുമൊപ്പം മുഖ്യധാരാ മാധ്യമങ്ങളും സമരത്തെ അവഗണിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ബി.ഒ.ടിക്കും ടോള്‍ പിരിവിനുമെതിരെ നടക്കുന്ന ഐതിഹാസികമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മേധാപട്കര്‍ എത്തിയിട്ടും മാധ്യമങ്ങള്‍ പ്രാദേശിക പേജില്‍ വാര്‍ത്ത നല്‍കി ഒതുക്കുകയാണ് ചെയ്തത്. മനോരമ പത്രം മേധാപട്കര്‍ സമരത്തില്‍ പങ്കെടുത്തതിനെക്കാള്‍ വന്‍ വാര്‍ത്താ പ്രധാന്യം നല്‍കിയത് മേധ തന്റെ പഴയ സുഹൃത്ത് ഗീതയെ കണ്ട കാര്യത്തിനാണ്. മനോരമയുടെ ജനറല്‍ എഡിഷനില്‍ സമര വാര്‍ത്തയ്ക്ക് പകരം ഈ വാര്‍ത്തയാണ് ഇടം പിടിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം മാധ്യമങ്ങളെയും സ്വകാര്യ കമ്പനി വിലക്കെടുത്തുവോയെന്ന് സംശയിക്കുന്നതായി ഒരു സമരസമിതി നേതാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

Malayalam news

Kerala news in English

Advertisement