ദോഹ: ഹമാസും ഫത്താഹും ദേശീയ സമവായത്തിലെത്തിയതോടെ ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ധാരണയായി. ഐക്യ സര്‍ക്കാറിനെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നയിക്കും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വെച്ച് നടന്ന യോഗത്തിലാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയായത്.

ഹമാസ് മേധാവി ഖാലിദ് മിശാലും ഫത്താഹിനെ പ്രതിനിധാനം ചെയ്ത് മഹ്മൂദ് അബ്ബാസുമാണ് യോഗത്തില്‍ പങ്കെടുത്തത്. 2011 ഏപ്രിലില്‍ കൈറോയില്‍ വെച്ച് ഹമാസും ഫത്താഹും തമ്മില്‍ ഒപ്പു വെച്ച അനുരഞ്ജന കരാറിന്മേലാണ് ഇരു വിഭാഗം നേതാക്കളും ചര്‍ച്ച നടത്തിയത്. എല്ലാ സംഭവ വികാസങ്ങളും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിഷയങ്ങളും യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ഐക്യസര്‍ക്കാറിന് അബ്ബാസ് നേതൃത്വം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്ന് ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഞായറാഴ്ച നടന്ന യോഗത്തിലാണ് സര്‍ക്കാറിന് അബ്ബാസ് നേതൃത്വം നല്‍കുന്നതിന് ഹമാസ് അനുകൂലിക്കാന്‍ തീരുമാനിച്ചത്. ഇടക്കാല സര്‍ക്കാറിന്റെ ഘടന ഈ മാസം പതിനെട്ടാം തിയ്യതി കൈറോയില്‍ വെച്ച് പ്രഖ്യാപിക്കും.

ഗാസയിലും വെസ്റ്റ് ബാങ്കിലും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് യോഗത്തിന് ശേഷം അബ്ബാസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തങ്ങളുടെ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും രാഷ്ട്രീയ കൂട്ടുകെട്ടിനായുള്ള അടിത്തറ പാകുന്നതിനും ഒന്നിച്ചു നിന്ന് ഇസ്രായേലിന്റെ കടന്നു കയറ്റം തടയുന്നതിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് ഹമാസ് നേതാവ് പറഞ്ഞു.

തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുമെന്നാണ് കരുതുന്നത്. ഇരുവിഭാഗവും ഒപ്പു വെച്ച കരാര്‍ പ്രകാരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പുമാണ് ഇടക്കാല സര്‍ക്കാറിന്റെ പ്രധാന ഉത്തരവാദിത്വം.

Malayalam News

Kerala News in English