ഗാസ സിറ്റി: ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 15 വയസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഗാസയിലെ റാഫയില്‍ നടന്ന വെടിവെപ്പില്‍ മുഹമ്മദ് അല്‍ ഫര്‍മാവിയാണ് കൊല്ലപ്പെട്ടത്. ഗാസ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ സൈന്യം ആരോപണം നിഷേധിച്ചിട്ടുണ്ട്. പ്രകടനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മാത്രമാണ് വെടിയുതിര്‍ത്തതെന്നും ഇത് ആര്‍ക്കും അപായമുണ്ടാക്കിയിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. പരിക്കേറ്റവരിലും കൂടുതല്‍ കുട്ടികളാണ്. ഒരാളുടെ നില ഗുരുതരമാണ്.

ഇസ്രായേല്‍ അധിനിവേശത്തെ പ്രതിരോധിച്ച ആറ് അറബ് ഫലസ്തീനികളെ 1976ല്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന്റെ വാര്‍ഷികത്തിന് ഗാസയില്‍ ഉടനീളം പ്രതിഷേധപ്രകടനം നടന്നിരുന്നു. വിദ്യാര്‍ഥികള്‍ നടത്തിയ ഇത്തരമൊരു പ്രകടനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.