ന്യൂയോര്‍ക്ക്: ദശാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിനുള്ള ശബ്ദം മുഴക്കി മഹ്മൂദ് അബ്ബാസ് യു.എന്‍ പൊതുസഭയില്‍ പ്രസംഗിച്ചു. ഫലസ്തീന്റെ കാര്യത്തില്‍ ലോകത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നും അടിച്ചമര്‍ത്തലിന്റെ വേദനകള്‍ തീര്‍ത്ത് ഫലസ്തീനെ അംഗീകരിക്കണമെന്നും അബ്ബാസ് ലോക രാജ്യങ്ങളോടഭ്യര്‍ഥിച്ചു.

ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കണമെന്നര്‍ഭ്യര്‍ത്ഥിച്ച് വികാര തീവ്രമായ പ്രസംഗമാണ് മഹ്മൂദ് അബ്ബാസ് ഇന്നലെ യു.എന്നില്‍ നടത്തിയത്. ‘ഫലസ്തീന്‍ രാഷ്ട്രം വര്‍ഷങ്ങള്‍ക്ക് മുന്‍പേ അംഗീകരിക്കപ്പെടേണ്ടതായിരുന്നു. ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമേ ഉള്ളൂ, ഒറ്റ ലക്ഷ്യം മാത്രം…. അത് ഞങ്ങള്‍ നേടുകയും ചെയ്യും’ എഴുന്നേറ്റു നിന്നാണ് ഈ വാക്കുകള്‍ക്ക് ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ കരഘോഷം മുഴക്കിയത്.

ക്യാമറക്കണ്ണുകളുടെ ഫഌഷ് ലൈറ്റുകള്‍ മിന്നിയ പശ്ചാത്തലത്തില്‍ ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കാനുള്ള അപേക്ഷ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനു നല്‍കിയ ശേഷമാണ് മഹ്മൂദ് അബ്ബാസിന്റെ പ്രസംഗം തുടങ്ങിയത്. രക്ഷാസമിതി അംഗീകരിച്ചാലേ പലസ്തീന്‍ ലോകത്തെ 194-ാമത്തെ രാഷ്ട്രമായി യുഎന്‍ പട്ടികയിലിടം നേടൂ.

സ്ഥിരവും മാന്യവുമായ സമാധാനം ആഗ്രഹിക്കുന്ന ഫലസ്തീനും ആ നാട്ടിലെ ജനങ്ങള്‍ക്കും നേരെ ഞങ്ങള്‍ ശാന്തിയുടെ കൈ നീട്ടുകയാണെന്ന് അബ്ബാസിന്റെ ശേഷം പ്രസംഗിച്ച ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പരസ്പരമുള്ള ധാരണകളിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ അത് സാധ്യമാകൂ എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

അമേരിക്കയെ വെല്ലുവിളിച്ചു കൊണ്ടുള്ള നടപടിയായാണ് മഹമൂദിന്റെ യു.എന്‍ പ്രസംഗം വിലയിരുത്തപ്പെടുന്നത്. കാരണം, കഴിഞ്ഞ ദിവസമാണ് യു.എന്നില്‍ അംഗത്വം വേണമെന്ന ഫലസ്തീന്റെ വാദം ഇപ്പോള്‍ അംഗീകരിക്കില്ലെന്നും സ്വതന്ത്ര രാഷ്ട്രമാകാനുള്ള ഫലസ്തീന്റെ പ്രമേയത്തെ വീറ്റോ ചെയ്യുമെന്നും ഒബാമ തുറന്നു പറഞ്ഞത്. ചൈന, റഷ്യ, ലബനന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ എതിര്‍ക്കുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ പലസ്തീന്‍ രാഷ്ട്രത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.