തിരുവനന്തപുരം: നിയമസഭ ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ പാലാട്ട് മോഹന്‍ദാസും മുന്‍ കമ്മീഷണര്‍ പി എന്‍ വിജയകുമാറും നിയമസഭ അവകാശ സമിതിക്കു മുമ്പാകെ ഹാജരായി. വിവരാവകാശ കമ്മീഷണര്‍ നിലപാടില്‍ ഉറച്ച് നിന്നതായാണ് സൂചന. വി ജെ തങ്കപ്പന്‍ അധ്യക്ഷനായ സമിതി മെയ് ആറിന് യോഗം ചേര്‍ന്ന് കമ്മീഷണറുടെ വിശദീകരണം പരിശോധിക്കും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ മന്ത്രി ടി എം ജേക്കബ് നടത്തിയ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ട വീഡിയോ ടേപ്പ് വിവരാവകാശ നിയമപ്രകാരം എറണാകുളത്തെ അഭിഭാഷകന്‍ ഡി ബി ബിനുവിനു നല്‍കണമെന്ന കമ്മീഷന്റെ ഉത്തരവാണ് വിവാദങ്ങള്‍ക്ക് തുടക്കം. കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് നിയമസഭ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന് മുഖ്യവിവരാവകാശ കമ്മീഷണറെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കണമെന്ന് നിയസഭാ പ്രിവിലേജ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

നിയമസഭാ പ്രിവിലേജ് സമിതിയുടെ നോട്ടീസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യവിവരാവകാശ കമ്മീഷണര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സമിതി മുമ്പാകെ ഹാജരാകാന്‍ മാത്രമാണ് നോട്ടീസെന്നിരിക്കേ ഇതു സംബന്ധിച്ച് ഉന്നയിക്കപ്പെട്ട വാദങ്ങള്‍ പരിഗണിക്കുന്നത് അപക്വമാണെന്നന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.