ഗാസ: ഫലസ്തീനില്‍ ശത്രുതയിലായിരുന്ന ഫത്താഹും ഹമാസും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് അസ്രായേലിന് തലവേദനയാകുന്നു. സ്വതന്ത്ര രാജ്യത്തിനായുള്ള ഫലസ്തീന്‍ ജനതയുടെ അഭിലാഷത്തിനുള്ള നിര്‍ണ്ണായകമായ ചവിട്ടുപടിയായാണ് ഇരു സംഘങ്ങളുടെയും യോജിപ്പിനെ വിലയിരുത്തുന്നത്.

ഫലസ്തീന്‍ രാഷ്ട്രമെന്ന ആവശ്യത്തെ ഐക്യസ്വഭാവത്തോടെ ഉന്നയിക്കാന്‍ ഇരു വിഭാഗങ്ങളും ഭിന്നിച്ച് നില്‍ക്കുന്നതിനാല്‍ കഴിഞ്ഞിരുന്നില്ല. ഭിന്നിപ്പ് മുതലെടുത്ത് കൊണ്ട് ഇസ്രായേല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സപ്തംബറില്‍ ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള യു.എന്‍ അംഗീകാരം നേടാനുള്ള പ്രചാരണത്തെ ശക്തിപ്പെടുത്താന്‍ ഇരുവിഭാഗങ്ങളുടെയും ഐക്യത്തിന് കഴിയും. ഇതാണ് ഇസ്രായേല്‍ ഭയപ്പെടുന്നതും.

ഹമാസും ഫത്താഹും തമ്മിലുള്ള യോജിപ്പ് മേഖലക്ക് ഭീഷണിയാണെന്നാണ് ഐക്യവാര്‍ത്തകളോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു പ്രതികരിച്ചത്. ഗാസ ഇപ്പോള്‍ ഭരിക്കുന്നത് ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ്. ഈ സര്‍ക്കാറിനെ ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല. വെസ്റ്റ് ബാങ്കിലാണ് ഫത്തഹ് ഗ്രൂപ്പ് നിയന്ത്രണം സ്ഥാപിച്ചത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പുതിയ ഇടക്കാല ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.

നേരത്തെ ഫലസ്തീനിലുള്ള ഫത്താഹ് ഗ്രൂപ്പ് ഇസ്രായേലിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങുന്ന സ്ഥിതിയുണ്ടായപ്പോഴാണ് ഹമാസ് രൂപീകരിച്ചത്. ഇസ്രായേല്‍ താല്‍പര്യങ്ങളെ ശക്തമായി എതിര്‍ക്കുന്നവരാണ് ഹമാസ്.