പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകനായ രതീഷിനെ ബസ്സില്‍കയറി വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. സി.പി.ഐ.എം പ്രവര്‍ത്തകരായ പുതുശേരി മുരിയംപൊറ്റ വീട്ടില്‍ രതീഷ്, നീലിക്കാട് വലിയപുരയ്ക്കല്‍ വീട്ടില്‍ സതീഷ് എന്നിവരാണ് പിടിയിലായത്.

ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരേയും അറസ്റ്റു ചെയ്തത്. ഏറണാകുളത്തുനിന്നും സകെഎസ്ആര്‍ടിസി ബസില്‍ പാലക്കാട്ടെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പാലക്കാട് ഡിവൈഎസ്പി എന്‍.കെ.പുഷ്‌ക്കരന്‍ , സിഐ എന്‍.കെ.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

പുതുശേരി പാലം ബസ് സ്റ്റോപ്പില്‍വെച്ചാണ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന രതീഷിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്.ലെനിന്‍, ലിനു, ഗിരീഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.