പാലക്കാട്: പാലക്കാട് നഗരസഭ അധ്യക്ഷ വി ദേവയാനി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി ജെ പിയില്‍ ചേരാനൊരുങ്ങുന്നു. സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൂടുമാറ്റം. ബി ജെ പി ഓഫിസിലെത്തി ഇവര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് മാത്രമായിരുന്നു ദേവയാനിയുടെ പ്രതികരണം. പട്ടികവിഭാഗത്തില്‍പ്പെട്ട ഇവര്‍ ആവശ്യപ്പെട്ട സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നില്ല. വിജയിക്കാന്‍ സാധ്യതയില്ലാത്ത ജനറല്‍ സീറ്റാണ് അനുവദിച്ചത്. തന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വമുള്ള പാര്‍ട്ടിയുട നടപടിയായി ഇവര്‍ ഇതിനെ വ്യാഖ്യാനിച്ചിരുന്നു.

ബി ജെ പിയുടെ ബാനറില്‍ 15ാം വാര്‍ഡില്‍ നിന്നാണ് ദേവയാനി മല്‍സരിക്കുന്നത്. പാലക്കാട് സീറ്റ് വിഭജനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് മഹിളകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. തന്റെ രാജി ഉടന്‍ തന്നെ ഡി സി സി ഓഫിസില്‍ എത്തിക്കുമെന്ന് ദേവയാനി അറിയിച്ചു.