പാലക്കാട്: കല്‍മണ്ഡപം- കല്‍പാത്തി ബൈപാസിനു സമീപം പുത്തൂര്‍ റോഡില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്നു. മരിച്ച വീട്ടമ്മയുടെ അമ്മ തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കവര്‍ച്ചശ്രമമാണ് കൊലപാതകത്തിലെത്തിയെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പാലക്കാട്ടെ പ്രമുഖ ബിസിനസുകാരനായ സി വി എം ഗ്രൂപ്പ് പാര്‍ട്ണര്‍ പുത്തൂര്‍ റോഡില്‍ ‘സായൂജ്യത്തില്‍ വി.ജയകൃഷ്ണന്റെ ഭാര്യ ഷീല (47) യാണ് കൊല്ലപ്പെട്ടത്. ഷീലയുടെ അമ്മ കാര്‍ത്യായനിയെ (70) യാണ് തലയ്ക്കടിയേറ്റ് ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ രാമകൃഷ്ണാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെത്. ടൂറിസം വകുപ്പ് അഡീഷനല്‍ ഡയറക്ടറും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടറുമായ കെ.എന്‍.സതീഷിന്റെ സഹോദരിയാണ് ഷീല. തൃശൂരില്‍ അഡീഷനല്‍ ഡിവിഷനല്‍ മജിസ്‌ട്രേട്ട് ആയിരുന്ന അന്തരിച്ച ബാലകൃഷ്ണന്‍ നമ്പ്യാരുടെ മകളാണ് ഷീല. സിജ (ദുബായ്), സഞ്ജന (എട്ടിമട അമൃത വിദ്യാപീഠം വിദ്യാര്‍ഥി) എന്നിവരാണ് ഷീലയുടെ മക്കള്‍. മരുമകന്‍ സതീഷ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഷീലയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഉച്ചയ്ക്ക് ഒന്നരയോടെ ഊണു കഴിക്കാനെത്തിയ ജയകൃഷ്ണനാണ് ഊണു മുറിയില്‍ ഇരുവരെയും ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്. ഷീലയുടെ കഴുത്തും ഇടതുകൈയും തലമുടിയും ചേര്‍ത്ത് തോര്‍ത്തുകൊണ്ട് കെട്ടിയിരുന്നു. വലതു നെറ്റിത്തടം അടിയേറ്റ് തകര്‍ന്ന നിലയിലാണ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവ് ഷീലയുടെ കഴുത്തില്‍ ഒന്നിലധികം സ്ഥലത്ത് കാണുന്നുണ്ട്. കമ്മല്‍ കാതോടു കൂടി പറിച്ചെടുത്തത്. ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. കവര്‍ച്ചാശ്രമത്തിനിടെ വീട്ടുകാര്‍ കണ്ടതാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ കവര്‍ച്ചയ്ക്കപ്പുറമുള്ള സാധ്യതകളേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് നായ സ്ഥലത്തെ സമീപത്തെ കോളനിവഴി കുറച്ചുദൂരം ഓടി തിരിച്ചുവന്നു. വിരലടയാള വിദഗ്ധരും എത്തി. ഐജി ബി.മുഹമ്മദ് യാസിന്‍, എസ്പി വിജയ് സാഖറേ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ വീട്ടില്‍ നിന്നു 30 പവനിലേറെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടിരുന്നു.