പാലക്കാട്: അഹാഡ്‌സ് പ്രൊജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നും പാലക്കാട് ജില്ലാകലക്ടര്‍ എം സി മോഹന്‍ദാസിനെ മാറ്റി. കലക്ടറെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളെ വിഫലമാക്കിയാണ് പുതിയ നീക്കം.അഹാഡ്‌സ് ജോയിന്റ് പ്രൊജക്ട് ഡയറക്ടര്‍ ടി ഡി രവിയാണ് പുതിയ ഡയറക്ടര്‍.

അട്ടപ്പാടി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കലക്ടര്‍ക്ക് സ്ഥാനചലനമുണ്ടായിരിക്കുന്നത്. അഹാഡ്‌സിലെ ചില ഉന്നതര്‍ക്ക് ആദിവാസികളുടെ ഭുമിതട്ടിപ്പില്‍ പങ്കുണ്ടെന്ന് കലക്ടര്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് കലക്ടറെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കം നടന്നു. എന്നാല്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും നീക്കം മരവിപ്പിക്കുകയുമായിരുന്നു.

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പിനെക്കുറിച്ച് കലക്ടര്‍ ചീഫ്‌സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഹാര്‍ഡ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നാലു ജീവനക്കാര്‍ക്കും ഭൂമിതട്ടിപ്പില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നാലുജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പ്രൊജക്ട് പ്രവര്‍ത്തനങ്ങളില്‍ നിന്ന് നീക്കംചെയ്യുകയും ചെയ്തിരുന്നു.