പാലക്കാട്: അട്ടപ്പാടിയില്‍ കാറ്റാടികമ്പനി കൈയ്യേറിയ ആദിവാസി ഭൂമിയിലേക്ക് ഇന്ന് യു ഡി എഫ് മാര്‍ച്ച് നടത്തും. ആനക്കട്ടിയില്‍ നിന്നും നല്ലശിങ്കയിലേക്കാണ് മാര്‍ച്ച്. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഘടകകക്ഷിനേതാക്കളായ എം പി വീരേന്ദ്രകുമാര്‍, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും. ഭൂമി നഷ്ടമായ ആദിവാസികളെ നേരില്‍കണ്ട് സംഘം വിവരങ്ങള്‍ ശേഖരിക്കും.

അതിനിടെ കാറ്റാടിക്കമ്പനിയുടെ ഭൂമി അനധികൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ഇന്ന് സര്‍വ്വേ നടക്കും. ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ളതാണ് സര്‍വ്വേ. സര്‍വ്വേ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്.