Categories

പാതാളത്തിലെ പക്ഷികള്‍

ആകാശത്ത് പാതാളമോ ? പാതാളത്തില്‍ പക്ഷികളോ ? പക്ഷിപാതാളത്തിലേക്ക്  യാത്രപുറപ്പെടുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സംശയങ്ങള്‍ ഇതൊക്കെയായിരുന്നു.  പക്ഷിപാതാളത്തെത്തിയാല്‍ അതിനു മറുപടി ലഭിക്കുമെന്നു കരുതി  യാത്ര തുടങ്ങി. വയനാട്ടിലെ തിരുനെല്ലിയിലെത്തിയാല്‍ തിരുനെല്ലി അമ്പലത്തിന് പിന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു കൂറ്റന്‍മലകാണാം.

അമ്പലത്തിന്‍റെ പിന്നിലായി കാണുന്ന ആ കൂറ്റന്‍ മല കയറിവേണം പക്ഷിപാതാളത്തിലെത്താന്‍. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ബ്രഹ്മഗിരിയുടെ  മുകളിലാണ് പക്ഷിപാതാളം. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് പക്ഷിപാതാളമെന്നും ഏഴ് കിലോമീറ്റര്‍ കുത്തനെയുള്ള  മലകയറിയാലേ അവിടെത്താന്‍ കഴിയൂ എന്നും കൂടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

മലയകറ്റത്തിന് സഹയാത്രികരായ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുളള പ്രകൃതി സ്നേഹികളുമുണ്ട്. തിരുനെല്ലി അമ്പലത്തോട് ചേര്‍ന്നുളള ഫോറസ്റ്റ് ഐബിയില്‍ നിന്നാണ് അതിരാവിലെ യാത്ര തുടങ്ങിയത്. കാട്ടിലേക്കു കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫോറസ്റ്റ് റേ‍ഞ്ചര്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കാട്ടില്‍ ശബ്ദമുണ്ടാക്കരുത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഇടരുത്, കാട്ടില്‍ നിന്ന് ഒരിലപോലും പറിക്കരുത്, മുന്നില്‍ നടക്കുന്ന ഗാര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക…

ഫോറസ്റ്റ് ഐബിയോട് ചേര്‍ന്നുളള ചങ്ങലകെട്ട് കടന്നാല്‍ കാടാണ്. കൂറേ ദൂരം ഫോറസ്റ്റുകാരുടെ ജീപ്പു വഴിയിലൂടെ നടന്നു. മഴ കഴിഞ്ഞ് ഈ വര്‍ഷം പക്ഷിപാതാളത്തേക്ക് മലകയറുന്ന ആദ്യത്തെ സംഘമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ വഴിനിറയെ പ്ലീസ് സാര്‍ കുറച്ച് രക്തം കുടിച്ചോട്ടേ എന്നും ചോദിച്ച് എഴുന്നുനില്‍ക്കുന്ന അട്ടകളുണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നു. അട്ടകളെ നേരിടാനായി ഉപ്പും പുകയിലയും കൂട്ടികുഴച്ച് ഒഴു കിഴിയുണ്ടാക്കി കസ്റ്റഡിയില്‍ വച്ചിരുന്നു.  ഒരു വടിയുടെ തലപ്പത്തു അത് കെട്ടി. ആദിശങ്കരന്‍റെ ആ പഴയ ദണ്ഡിനെ ഒര്‍മ്മിപ്പിച്ചു അത്.

അല്‍പ്പദൂരം മുന്നോട്ട് നടന്നപ്പോള്‍  റോഡുപേക്ഷിച്ച് ഊടുവഴികളിലൂടെയായി യാത്ര. നല്ല കയറ്റമാണ്. ഹൃദയമിടിപ്പിന്‍റെ താളം മാറിതുടങ്ങി. കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി വഴികാട്ടിയായി  ഒരു ഫോറസ്റ്റ് വാച്ചര്‍ ഞങ്ങളുടെ മുന്നിലുണ്ട്.  കുറേപേര്‍ എനിക്കുമുന്നേ നടകക്കുന്നുണ്ടെങ്കിലും കാടിന്‍റെ കനത്തില്‍ മുന്നിലുളള ആളെമാത്രമേ ഇപ്പോള്‍ കാനാനാകുന്നുളളൂ. ഇരുവശത്തും തലയ്ക്കുമുകളിലേക്ക് പന്തലിച്ചുനില്‍ക്കുന്ന കുറ്റിക്കാടുകള്‍‍.

ഈ കുറ്റികാട്ടിനിടയിലെവിടെയെങ്കിലും ആനയോ മറ്റോ… ഛേ നല്ലതുമാത്രം ചിന്തിക്കൂ… നല്ലതുമാത്രം ചിന്തിച്ച് കുത്തനെയുള്ള കയറ്റങ്ങള്‍ ആവേശത്തോടെ കയറി.  ആ കയറ്റത്തിനൊടുവില്‍ ഞങ്ങളൊരു പുല്‍മേട്ടിലെത്തി. മലമടക്കുകളില്‍ അളളിപിടിച്ച് വളരുന്ന ചോലവനങ്ങള്‍‍… ദൂരെ തിരുനെല്ലി അമ്പലം.. അതിനുമപ്പുറം കാളിന്തീ… തീരത്ത് നീണ്ടു നിവര്‍ന്നുകിടക്കുന്ന വയല്‍… ആ കാഴ്ച്ചകള്‍ ഹരം പിടിപ്പിക്കുന്നതായിരുന്നു. ദൂരക്കാഴ്ച്ചകളുടെ വിശാലതയില്‍ അവിടെതന്നെ നിന്നുപോയി കുറച്ചുനേരം.

നടത്തം പാതിയില്‍ നിറുത്തിയാല്‍ ഒരുപാട് ആയാസപ്പെടണം മലകയറ്റത്തിന്‍റെ താളം വീണ്ടെടുക്കാന്‍. ഫോറസ്റ്റ് വാച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍ .നടത്തം തുടര്‍ന്നു. ഇപ്പോള്‍ ബ്രഹ്മഗിരി മലയുടെ പകുതിയിലെത്തിയിരിക്കുന്നു. അമ്മയുടെ ദേഹത്ത് കുഞ്ഞ് അളളിപ്പിടിച്ചിരിക്കുന്നതുപോലെ ചുറ്റും ചോലക്കാടുകള്‍‍. മലമടക്കുകളില്‍ മാത്രമായി എന്തുകൊണ്ടാണ് ഈ കാടുകള്‍ ഒതുങ്ങിപ്പോയത്. മലമുകളിലെ ശക്തമായ കാറ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ട് താരതമ്യേന കാറ്റ് കുറഞ്ഞ മല‍ഞ്ചരിവിലേക്ക് ഒതുങ്ങി.  ഇതായിരുന്നു എന്‍റെ സംശയത്തിന് ഫോറസ്റ്റ് വാച്ചര്‍ തന്ന ഉത്തരം.

ഈ ചോലമരക്കാടുകളിലെ മരങ്ങള്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍‍. നന്നേചെറിയ ഇലകളായിരിക്കും അവയ്ക്ക്. പിന്നെ മരക്കൊമ്പുകളില്‍ അപ്പൂപ്പന്‍താടികള്‍പോലെ ഫംഗസ്സുകള്‍ തൂങ്ങികിടക്കുന്നതു കാണാം.വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ചോലയിലെ പലമരങ്ങള്‍ക്കും. എന്നാല്‍ അത് തോന്നിപ്പിക്കുന്ന തരത്തിലുളള നീളമോ തടിയോ അതിനില്ല. ഒരുതരം ബോണ്‍സായ് ചെടികളെപോലെയാണ് ഇതിന്‍റെ വളര്‍ച്ച.

ചോലവനങ്ങള്‍ പിന്നിട്ട് വീണ്ടും പുല്‍മേട്ടിലേക്ക്.. കൂറേദൂരം കൂടെ പിന്നിട്ടപ്പോള്‍ മുന്നില്‍ നടന്നവര്‍ നിശബ്ദരായി അടുത്തമലയിലേക്ക് നോക്കിനില്‍ക്കുന്നതു കണ്ടു. അവിടെ ഒരൊറ്റയാന, പൊടിമണ്ണ് വാരി ദേഹത്തിട്ട് അര്‍മാദിക്കുകയാണ്.

ഇടയ്ക്ക് ചോലക്കാട്ടിനോട് ചേര്‍ന്ന് വര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റിക്കാട്ടില്‍ നിന്ന് എന്തെല്ലാമോ പിഴുതെറിയുന്നുണ്ട്. ശരിക്കും വന്യമായ കാഴ്ച്ച. ആനക്കൂട്ടത്തെ പലതവണ വയനാട്ടിന്‍റെ പലഭാഗത്തുനിന്നും കണ്ടിട്ടുണ്ടെങ്കിലും ഒറ്റയാനെയെ കാണുന്നത് ആദ്യമായാണ്. അതിന്‍റെ എല്ലാപേടിയും മനസ്സിലുണ്ട്.

കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കാട്ടില്‍ കയറിയതിനുശേഷം ആദ്യം കിട്ടിയ ഇരയായിരുന്നു അത്. ആ രംഗം അവര്‍ കിടന്നും മരത്തില്‍ കയറിയും പകര്‍ത്തുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം പേടി മാറ്റിവച്ച് ഞാനും കൂടി.

അപ്പുറത്തെ മലയിലെ ഒറ്റയാന്‍റെ പരാക്രമങ്ങള്‍ ഇപ്പുറത്തെ മലയില്‍ നിന്ന് പകര്‍ത്താന്‍ ഞാനുമേറെ പാടുപെട്ടു. മരങ്ങളുടെ മറവില്‍ നിന്ന് അവന്‍ എന്തൊക്കെയോ പിഴുതെറിയുന്നുണ്ട്.  പുല്ലുപറിക്കുന്നതുപോലെയാണ് ആ ഒറ്റയാന്‍ വന്‍മരങ്ങള്‍ പിഴുതെറിയുന്നത്. ഡിസ്ക്കവറി ചാനലില്‍ മാത്രമേ ഇത്തരമൊരു കാഴ്ച്ച കണ്ടിട്ടുള്ളു. ദേ ഇപ്പോള്‍ കണ്‍മുന്‍പില്‍…

ആവേശത്തോടെ കൂറേ നേരം കാട്ടാനയുടെ പരാക്രമങ്ങള്‍ കണ്ടിരുന്നു.  ഇനിയുമേറെ നടക്കണമെന്ന വാച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍. വീണ്ടും നടത്തം തുടങ്ങി. ആകാശം മുട്ടെ പുല്‍മേടുകള്‍. ആ ആകാശത്തേക്കാണോ മുന്‍പേ നടന്നവര്‍ കയറിപോകുന്നത്.  അതൊരു നല്ല ഫ്രെയിം തന്നെയായിരുന്ന.  പുല്‍മേട്ടില്‍ നിന്ന് ആകാശത്തേക്ക് കയറിപോകുന്ന മനുഷ്യര്‍…

പുല്‍മേട്ടിലുടെ കൂറേനേരം നടന്നപ്പോള്‍ ബ്രഹ്മഗിരിയുടെ മുകളിലെത്തി. മലമുകളില്‍ സന്ദര്‍ശകരേയും കാത്തുനില്‍ക്കുന്നതുപോലെ ഒരു കൂറ്റന്‍ വാച്ച് ടവര്‍ ‍. അതിനുമുകളിലേക്ക് കാഴ്ച്ചകള്‍ കാണാന്‍ വലിഞ്ഞുകയറി. ഒരാള്‍ക്കുമാത്രം കഷ്ട്ടിച്ച് കയറാന്‍ പറ്റുന്ന കുത്തനെയുളളകോണി. മുകളിലെത്തിയപ്പോള്‍ ശരിക്കും ആകാശം തൊട്ടതുപോലെ തോന്നി. ഏതെല്ലാമോ പേരറിയാപക്ഷികള്‍ ആകാശത്തെ ചിറകുകള്‍കൊണ്ട് തല്ലി പതം വരുത്തി* ഞങ്ങള്‍ക്കു മുന്‍പിലൂടെ കടന്നുപോകുന്നുണ്ട്.

അങ്ങ് ദൂരെ തിരുനെല്ലി അമ്പലം ഇപ്പോഴും കാണാം. ആ ടവറിന്‍റെ മുകളില്‍ നില്‍ക്കുമ്പോള്‍ കാടിന്‍റെ തല കാണാം. ചോലക്കാടുകളില്‍ കൂടുകൂട്ടിയ പക്ഷികലുടെ കൂടുകണാം. കാട്ടുപൊന്തയില്‍ ഇളംവെയില്‍ കായാനിരിക്കുന്ന  അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളെ കാണാം, കാടിന്‍റെ  കാവല്‍ക്കാരനാണെന്നു തോന്നിപ്പിക്കുന്ന പുല്‍മേട്ടിലെ ഒറ്റമരം കാണാം…

ഹംസാരൂഡനായി ആകാശ യാത്രനടത്തിയ ബ്രഹ്മാവ് മനോഹരമായ ഒരു ഭൂപ്രദേശം കണ്ട് താഴെയിറങ്ങിയെന്നും അവിടെ കണ്ട നെല്ലിമരത്തിനടുത്ത് വിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയെന്നുമുള്ള ഐതിഹ്യം സത്യമാണോ എന്ന് തോനിപ്പോകുന്ന കാഴ്ച്ചകള്‍. സക്ഷാല്‍ ബ്രഹ്മാവിനെപോലും മയക്കുന്ന കാഴ്ച്ചകള്‍…

ടവറിനുമുകളില്‍ നിന്നുളള കാഴ്ച്ചകല്‍ ഹരം പിടിപ്പിക്കുകയാണ്.  മുകളിലെത്തുമ്പോഴേക്കും മുന്‍പേ കയറിയിറങ്ങിയവര്‍ പക്ഷിപാതാളം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നിരുന്നു. മുകളിലേക്ക് കൈവീശി അവര്‍ ഞങ്ങളോടവര്‍ യാത്ര പറയുന്നുണ്ടായിരുന്നു. ടവറില്‍ നിന്ന് കാഴ്ച്ചകള്‍ കണ്ട് മതിമറന്ന് അവിടെ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കാലില്‍ രക്തം കണ്ടത്. അട്ടകള്‍ കലാപരിപാടികള്‍ തുടങ്ങിയിരിക്കുന്നു.

ഇട്ടിരുന്ന ഷൂ അഴിച്ചുനോക്കിയപ്പോഴാണ്  അട്ടകള്‍ സംഘം ചേര്‍ന്ന് രക്തം നുണയുന്നത് കണ്ടത്. ഉപ്പും പുകയിലയും കൂട്ടികെട്ടിയ കിഴിയെടുത്ത് നനച്ച് അട്ടകള്‍ കടിച്ചുപിടിച്ചിരുന്ന സ്ഥലത്ത് വച്ചപ്പോള്‍ കൂറേയെണ്ണം കീഴടങ്ങി. വിടാന്‍ഭാവമില്ലാതെ കടിച്ചുതൂങ്ങികിടന്നതിനെ ബലംപ്രയോഗിച്ച് എടുത്തുകളയേണ്ടി വന്നു.
കുറച്ചുനേരത്തെ ശ്രമകരമായ ജോലിക്കുശേഷം അട്ടകളില്‍ നിന്ന് രക്ഷനേടി യാത്രതുടര്‍ന്നു.

ഇനിയാത്ര മലയുടെ മറുപുറത്തേക്കാണ്. പക്ഷിപാതാളം കേരളത്തിലാണെങ്കിലും അവിടെത്താന്‍ കര്‍ണ്ണാടക അതിര്‍ത്തി കടക്കണം. കുറച്ചുദൂരം കര്‍ണ്ണാടകത്തിലൂടെ നടന്നു. മഴമേഘങ്ങള്‍ ആരുടെയോ സമ്മതം കിട്ടാത്തതുപോലെ തൂങ്ങിനില്‍പ്പുണ്ട്. മലയ്ക്ക് മറുവശമെത്തിയപ്പോള്‍ നല്ല തണുത്തകാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരത്തെ നടത്തത്തിനുശേഷം  വീണ്ടും നമ്മള്‍ കേരളത്തിലെത്തിയെന്ന് വാച്ചര്‍ പറഞ്ഞു.

കൂറേ നേരം നടന്നപ്പോള്‍ പുല്‍മേടിന് കനവും നീളവും കൂടിവരുന്നതായി തോന്നി. ഇപ്പോള്‍ മുന്‍പില്‍ ഒരാള്‍ പൊക്കത്തിലുളള പുല്‍മേടാണ്. കുറേ ദുരം നടന്നപ്പോള്‍ വീണ്ടും ഒരു ചോലവനത്തിലേക്കുകയറി. നല്ലകാട്. ഒരു ഗൂഹയിലേക്കുകടക്കുന്നതുപോലെയാണ് ചോലക്കാട്ടിലേക്ക് കയറിയത്. പെട്ടെന്ന് ഇരുട്ടായതുപോലെതോന്നി.

ചോലയിലേക്കു കയറിയപ്പോള്‍ തന്നെ ഒരു കാട്ടരുവിയുടെ ശബ്ദം കേട്ടു. അടിക്കാടുകളെ വകഞ്ഞുമാറ്റി കുറച്ചുനടന്നപ്പോള്‍ കാട്ടാറിനടുത്തെത്തി. നല്ല കണ്ണാടിപോലെ അതങ്ങനെ ഒഴുകുകയാണ്. സമയം ഉച്ചയായിരിക്കുന്നു. നല്ലവിശപ്പ്. ഒപ്പം ദാഹവും. കാട്ടരുവിയിലേക്ക്  കൈക്കുമ്പിള്‍ താഴ്ത്തി. നല്ലതണുപ്പ്. കുറേ വെളളം കുടിച്ച് ദാഹംമാറ്റി.

സഹയാത്രികരിലാരോ  കൊണ്ടുവന്ന അവല്‍പൊതിയഴിച്ചു.  വയറുനിറയെ അതും കഴിച്ച് യാത്ര തുടര്‍ന്നു. ഇപ്പോള്‍ നാലുഭാഗത്തും  പുല്‍മേടുകള്‍മാത്രം. ചെറുതും വലുതുമായ ചോലവനങ്ങള്‍ മലമടക്കുകളില്‍ ചിതറിക്കിടക്കുന്നു.

ചോലവനങ്ങളെ തൊട്ടുരുമ്മി മഴമേഘങ്ങള്‍ പോയ്ക്കൊണ്ടിരിക്കുകയാണ്. പുല്‍മേട്ടിലൂടെ നടന്നപ്പോള്‍ അങ്ങ് ദൂരെ ഒരു വലിയ പാറകണ്ടു. ഞങ്ങള്‍ക്ക് മുന്‍പേ പോയവര്‍ പാറപുറത്ത് കയറി ഇത് തങ്ങളുടെ പാറയാണ് എന്ന മട്ടില്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു.

കൂടെ വന്ന ഫോട്ടോഗ്രാഫര്‍മാര്‍ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. കുത്തനെയുളള കയറ്റമാണ്. പാറയില്‍ അളളിപ്പിടിച്ച് മുകളിലെത്തിയപ്പോള്‍ ശരിക്കും തലകറങ്ങുന്നതുപോലെ തോന്നി. ചുറ്റും നല്ലകാട്, ചെങ്കുത്തായ ചരിവ്, പാലക്കാട്ടുകാരന്‍  രാധാകൃഷ്ണന്‍ എന്ന ‘രാധ’ ഒറ്റയാനായ ഒരു പാറപുറത്തേക്ക് വലിഞ്ഞുകയറി സാഹസികത കാട്ടി.

കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസുചെയ്ത്ത് അവനങ്ങനെ കൂറേ നേരം രാജാവായി ഒറ്റയാന്‍പാറപുറത്തിരുന്നു. അവസാനം ആ ഫോട്ടോ ഷൂട്ട് അവസാനിച്ചപ്പോള്‍ അവിടെനിന്നിറങ്ങാന്‍ അവന്‍ നന്നായി പാടുപെട്ടു. കാരണം  അവനുപിന്നില്‍ വലിയ ഒരു കൊല്ലിയാണ്- പാതാളകൊല്ലി! അവസാനം ആരൊക്കെയോ ചേര്‍ന്ന് ‘രാധയെ ‘ താഴെയിറക്കി.

ഇതാണ് പക്ഷിപാതാളം. ചിതറികിടക്കുന്ന പാറക്കൂട്ടങ്ങളാണ് താഴെ.  പാതാളത്തിലേക്കിറങ്ങാന്‍ വഴിവേറെയാണ്. പാറപ്പുറത്തുനിന്ന് അള്ളിപിടിച്ചു താഴോട്ടിറങ്ങി. ഗൂഹാമുഖംപോലെ രണ്ടു വലീയ പാറയിടുക്കിലൂടെ  ‘പാതാളം’ ലക്ഷ്യമായിറങ്ങി.

പാറക്കെട്ടുകള്‍ക്കെല്ലാം നല്ല തണുപ്പ്. പേടിപ്പെടുത്തുന്ന നിശബ്ദത. ‘പാതാള’ത്തിലേക്ക് ഇറങ്ങുന്തോറും ഇരുട്ട് കൂടി വരുന്നുണ്ട്. ചില സ്ഥലങ്ങളില്‍ പാറയിടുക്കുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമാണ് വഴികാട്ടി. ആ പാറയിടുക്കിലൂടെ നോക്കിയാല്‍ കാടിന്‍റെ തലപ്പുകാണാം.

കൂറേകൂടിയിറങ്ങിയപ്പോള്‍ പാറയിടുക്കില്‍ കുരുവികള്‍ കൂടുകൂട്ടിയതു കണ്ടു. വീണ്ടും താഴോട്ടിറങ്ങിയപ്പോള്‍ കൂറേ നരിച്ചീറുകളുടെ ചിറകടി ശബ്ദം. തിരുനെല്ലി അമ്പലത്തോട് ചേര്‍ന്ന പാപനാശിനിയില്‍ മുങ്ങിനിവര്‍ന്ന് ആത്മാക്കള്‍ പക്ഷിരൂപം പ്രാപിച്ച് അഭയം തേടിയെത്തുന്നത് ഈ പാതാളത്തിലാണെന്നത് വിശ്വസം.

വീണ്ടും ആവേശത്തോടെ താഴോട്ടിറങ്ങി. ഇപ്പോള്‍ മുന്നിലൊട്ടും വെളിച്ചമില്ല. നിശബ്ദതയെ കീറിമുറിച്ച് വവ്വാലുകളുടെ ചിറകടിയൊച്ച. ഏതോ മന്ത്രവാദിയുടെ സിംഹാസനത്തിലെത്തിയതുപോലെ തോന്നി. കൂറേ നേരം ആ പേടിപെടുത്തുന്ന കറുത്ത തണുപ്പിലിരുന്നു. മുനിമാര്‍ കാലങ്ങളോളം ഇവിടെ തപസ്സുചെയ്തിരുന്നെന്നും ഐതീഹ്യം.

മുഡുഗര്‍, ഇരുളര്‍ വിഭാഗത്തിലുള്ള തിരുനെല്ലിയിലെ ആദിവാസി വിഭാഗങ്ങളുടെ കുലദൈവമാണ് യൊഗിച്ചന്‍. പക്ഷിപാതാളത്തിലെ ഇരുണ്ട ഈ ഗുഹയ്ക്കുള്ളിലെവിടെയോ ആണ്  ഒറ്റക്കാലനായ യോഗിച്ചന്‍റെ മൂലസ്ഥാനമെന്നാണ് ആദിവാസികളുടെ വിശ്വസം . തിരുനെല്ലിപ്പെരുമാളിനോട് പോലും പോലും വെല്ലാന്‍ കരുത്തുള്ള ദൈവമാണ് തങ്ങളുടേതെന്നും ഇവര്‍ കരുതുന്നു.

ആ ഒറ്റക്കാലനായ യോഗിച്ചന്‍ ഈ ഗുഹയ്ക്കുള്ളില്‍ എവിടെയെങ്കിലുമുണ്ടാകുമോ ? വിശ്വാസത്തിന്‍റെ തണുപ്പില്‍ ഈ ഇരുട്ടില്‍ അവര്‍ക്ക് യോഗിച്ചനെ കണാന്‍ പറ്റുമായിരിക്കും.

പിന്നെ എഴുപതുകളില്‍ വസന്തത്തിന്‍റെ ഇടിമുഴക്കം കാതോര്‍ത്ത് കുറേ ചെറുപ്പക്കാര്‍ നെക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ ഊടും പാവും നെയ്തതും ഇവിടെ വെച്ചായിരുന്നു. പക്ഷിപാതാളത്തിന്‍റെ ഈ കൂരിരുട്ടില്‍ നിന്നായിരുന്നോ അവര്‍ സമത്വസുന്ദര ലോകം സ്വപ്നം കണ്ടത്? നെക്സല്‍ വര്‍ഗ്ഗീസിനും ഫിലിപ്പ് എം പ്രസാദിനും  അജിതയ്ക്കുമൊക്കെ ഈ ഇരുട്ട് അഭയസ്ഥാനങ്ങളായിരുന്നു.

ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ അവര്‍ ചുവന്ന പുലരികള്‍ സ്വപ്നം കണ്ടതും ഈ ഇരുട്ടില്‍ നിന്നുതന്നെയാവണം.  വര്‍ഗ്ഗീസിന്‍റെ  കണ്ണുകള്‍ ചൂഴ്ന്നെടുത്താണ്  പോലീസുകാര്‍  വെടിവച്ച് കൊന്നത്. അപ്പോഴും വര്‍ഗ്ഗീസ് ചിരിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തെ വെടിവച്ചുകൊല്ലാന്‍ നിര്‍ബന്ധിക്കപ്പെട്ട രാമചന്ദ്രന്‍ നായര്‍ എന്ന കോണ്‍സ്റ്റബില്‍ പറഞ്ഞുവച്ചതും ചരിത്രം.

ബാക്കി രണ്ടുപേരും ഇന്നും ജീവിക്കുന്നു. എന്നാല്‍ രാത്രി ബ്രഹ്മഗിരിയുടെ മുകളില്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രകണ്ണുകളെ ചൂണ്ടിക്കാട്ടി ഇപ്പോഴും തിരുനെല്ലിയിലെ ആദിവാസികള്‍ പറയുമത്രേ, അത് വര്‍ഗ്ഗീസിന്‍റെ കണ്ണുകളാണെന്ന്. നക്ഷത്രക്കണ്ണുകളുടെ ശോഭ ഒരു ‘കരിമേഘത്തിന്‍റെ ഘോഷയാത്രയ്ക്കും’ കെടുത്തിക്കളയാനാകില്ലെന്ന് ഇവര്‍ ഇന്നും വിശ്വസിക്കുന്നു.

കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ട വര്‍ഗ്ഗീസിന്‍റെ ആത്മാവ് ഈ  പക്ഷിപാതാളത്ത് ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുമോ? വിശ്വാസവും കാല്‍പ്പനികതയും വിപ്ലവവീര്യവും തുളുമ്പുന്ന പക്ഷിപാതാളത്തിന് കഥകള്‍ അവസാനിക്കുന്നില്ല‍.  പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ് ഇവിടുത്തെ കാഴ്ച്ചകളും ഈ പാതാളത്തിന്‍റെ ചരിത്രവും.

*വീരാന്‍കുട്ടിയുടെ കവിതയ്ക്ക് കടപ്പാട്പക്ഷിപാതാളത്തേക്ക് പോകാന്‍

യാത്രയ്ക്ക് വനം വകുപ്പിന്‍റെ അനുമതി ആവശ്യമാണ്. പത്തുപേരടങ്ങുന്ന സംഘത്തിന്  ഡി.റ്റി.പി.സിയുടെ പാക്കേജ് ടൂര്‍ ഉണ്ട്. മഴക്കാലത്ത് പക്ഷിപാതാളയാത്ര സന്ദര്‍ശിക്കുന്നത് സുരക്ഷിതമല്ല. ഫോണ്‍: ഡി.എഫ്.ഒ, നോര്‍ത്ത് വയനാട്, മാനന്തവാടി-04935 240233 ഡി.റ്റി.പി.സി, കല്‍പ്പറ്റ-04936 202134, 221105.

താമസം

ബ്രഹ്മഗിരിയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു ദിവസം തിരുനെല്ലിയില്‍ തങ്ങണമെങ്കില്‍ ദേവസ്വം ഗസ്റ്റ്ഹൗസ് ഉണ്ട് ഫോണ്‍-04935 210055,  വനം വകുപ്പിന്‍റെ ഡോര്‍മിറ്ററിയും  ലഭ്യമാണ് ഫോണ്‍ -04935 240233

തിരുനെല്ലിയിലെത്താന്‍

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നും- 32 കി.മി

കല്പറ്റയില്‍ നിന്നും -95 കി.മി

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്- ദൂരം – 138 കി.മി

വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളം 168 കി.മി

ബംഗളൂരുവില്‍ നിന്ന് വരുന്നവര്‍

നാഗര്‍ഹോള-കുട്ട- തെറ്റ്റോഡ്-തിരുനെല്ലി റോഡ് വഴി വരാം – ദൂരം 270 കി.മി

Inside Wayanad ഒന്നാഭാഗം വായിക്കാം >>> ഭാണാസുര സാഗരം

Inside wayanad സഞ്ചാര സാഹിത്യ പരമ്പര

(ലേഖകന്‍റെ ഇമെയില്‍ വിലാസം [email protected],

mob +91 9447162636)

8 Responses to “പാതാളത്തിലെ പക്ഷികള്‍”

 1. boban mc

  എഴുത്തും ചിത്രങ്ങളും വളരെയിഷ്ടപ്പെട്ടു. Excellent എന്ന് പറഞ്ഞാല്‍ അധികമാവില്ല. തിരുനെല്ലിയില്‍ നിന്ന് പക്ഷിപാതാളം വരെ കാട് കയറിയപോലെ തോന്നി.

 2. Anu

  ഒരൊറ്റ പക്ഷിയെപ്പോലും കാണാനില്ലല്ലോ ഈ പക്ഷി പാതാളതിതില്‍ …..

 3. Jai

  Nice dear….

  Best Wishes….

 4. Rinshad

  Excellent. nice photos……

 5. saneesh

  valare nannayi pakshi pathalathike vavvalughal ningalude chithrathil kandillalo…….manoharamalle aa kazchakhal…..

 6. kudu

  realy nice varu

 7. rohith

  varune kollam pakshi pathalathil poya oru anubhavam thonnunnu..ini adutha yathra engottanavo..?

 8. Ashik Krishnan

  machaaaaaa…sahasika yaatra kalakki..ee ezhuthum…really heart touching….dreams comes true btwn lines….gud luck…will wait to c ur nxt adventure…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.