കറാച്ചി: നോബോള്‍ എറിയാന്‍ കോഴ വാങ്ങിയ കുറ്റത്തിന് ഇംഗ്ലണ്ടില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പാകിസ്താന്‍ പേസ്ബൗളര്‍ മുഹമ്മദ് ആമിറിന് സ്വന്തം അഭിഭാഷകയോട് പ്രണയം. ആമിറിന്റെ അഭിഭാഷകയായ സാജിത മാലിക്കുമായി ആമിര്‍ കടുത്ത പ്രണയത്തിലാണെന്ന് പാക് ദിനപത്രം ജഗ് ആണ് വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് പൗരത്വമുള്ള സാജിതയാണ് ലണ്ടനില്‍ ആമിറിന്റെ കേസ് വാദിച്ചത്.

ജയില്‍മോചിതനായി നാട്ടിലേക്ക് മടങ്ങിയ ആമിറിനൊപ്പം സാജിദ പാകിസ്താനിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഹോറിലുള്ള സാജിദ, പത്തൊമ്പതുകാരനായ ആമിറിന്റെ മാതാപിതാക്കളെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെയെത്തിയിട്ടുള്ളത്. കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹിതരാവുകയാണ് ഇരുവരുടെയും ഉദ്ദേശ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2010 ല്‍ കേസ് സംബന്ധിച്ചാണ് ഇവര്‍ ആദ്യമായി പരസ്പരം കാണുന്നത്. പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വളരുകയായിരുന്നു. ബ്രിട്ടീഷുകാരിയാണെങ്കിലും സാജിത പഞ്ചാബി ഭാഷ അനായാസമായി കൈകാര്യം ചെയ്യും. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് സാജിതയെ ആമിറിന്റെ കേസ് ഏ്ല്‍പ്പിച്ചത്. പി.സി.ബി മുന്‍ ചെയര്‍മാന്‍ ഇജാസ് ഭട്ട് അടക്കമുള്ളവര്‍ പങ്കെടുത്ത കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ആമിറും സാജിതയും പ്രണയത്തിലാണെന്ന് ആദ്യമായി മറ്റുള്ളവര്‍ പറയുന്നത്.

അതിന് ഒരു കാരണം കൂടി പറയുന്നുണ്ട്. ചര്‍ച്ചയ്ക്കിടെ മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസിലെ വെള്ളം സാജിത കുറച്ച് കുടിച്ചതിനുശേഷം സാജിത ഗ്ലാസ് അവിടെ തന്നെ വെച്ചു. അല്പനിമിഷത്തിനുശേഷം എല്ലാവരേയും അമ്പരപ്പിച്ച് ആമിര്‍ അതേ ഗ്ലാസിലെ വെള്ളം എടുത്ത് കുടിച്ചു. ആമിറിനേക്കാള്‍ പ്രായം സാജിതയ്ക്കുണ്ടെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമില്ലെന്നാണ് അറിയുന്നത്.

മൂന്നുമാസത്തെ തടവുശിക്ഷ കഴിഞ്ഞ് ഈയിടെയാണ് ആമിര്‍ പാക്കിസ്താനില്‍ മടങ്ങിയെത്തിയത്. ആറുമാസമായിരുന്നു തടവുശിക്ഷയെങ്കിലും നല്ലനടപ്പും പ്രായവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. ആമിറിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ്അഞ്ചുവര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇനി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമേ ആമിറിനെ പാക്കിസ്താന്‍ ക്രിക്കറ്റ് ടീമില്‍ പ്രതീക്ഷിക്കേണ്ടതുള്ളു.

കോഴവിവാദത്തില്‍ മുന്‍ ടെസ്റ്റ് നായകന്‍ സല്‍മാന്‍ ഭട്ട്, പേസ് ബൗളര്‍ മുഹമ്മദ് ആസിഫ്, ഇവരുടെ ഏജന്റായ മസ്ഹര്‍മജീദ് എന്നിവര്‍ ഇപ്പോഴും ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

Malayalam news

Kerala news in English