ലാഹോര്‍: പാക് അധീന കാശ്മീരും ഗില്‍ജിത്ബാള്‍ട്ടിസ്താന്‍ മേഖലയും ഇന്ത്യയുടെ അധികാരത്തില്‍പ്പെടുന്ന പ്രദേശങ്ങളാണെന്ന് കാണിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ സ്‌കൂള്‍ അറ്റ്‌ലസ് പുറത്തിറക്കി. സംഭവം വിവാദമായതോടെ അറ്റ്‌ലസ് പിന്‍വലിക്കുകയും ചെയ്തു.

Ads By Google

ഇത്തരത്തിലുള്ള 15,000 അറ്റ്‌ലസുകളാണ് സ്‌കൂളില്‍ വിതരണം ചെയ്തത്. എന്നാല്‍ ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപകമായ പ്രതിഷേധമാണ്‌ ഉയര്‍ന്നത്. ഇതോടെ അറ്റ്‌ലസ് പിന്‍വലിച്ച് തിരുത്തിയ ഭൂപടം ഉള്‍പ്പെടുത്തിയ ശേഷം പുതിയ പുസ്തകങ്ങളുടെ വിതരണം നടത്താന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു.

പാക് അധീന കാശ്മീര്‍ തങ്ങളുടെ ഭാഗമാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതിനിടെയാണ് പഞ്ചാബിലെ വിദ്യാഭ്യാസവകുപ്പ് ഇന്ത്യയുടെ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ള ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പാക് വിദ്യാഭ്യാസ വകുപ്പോ അധികൃതരോ തയ്യാറായില്ല.