ന്യൂദല്‍ഹി : പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ കുടിയേറിപ്പാര്‍ക്കണമെന്ന വാര്‍ത്ത ഇന്ത്യന്‍ ഹൈക്കമ്മീഷനും പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയവും നിഷേധിച്ചു. പാക്കിസ്ഥാനിലെ 250 ഓളം വരുന്ന ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയില്‍ അഭയം തേടിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഇരുരാജ്യങ്ങളും രംഗത്തെത്തിയത്.

Ads By Google

കഴിഞ്ഞ  വ്യാഴാഴ്ച്ച പാക്കിസ്ഥാനിലെ ഒരു വാര്‍ത്താചാനല്‍ 250 ഓളം പാക് ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറുകയാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു.

തീവ്രവാദം പാക്കിസ്ഥാന്‍ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ മാത്രമല്ല മറ്റ് സമുദായക്കാരും ഇതിന്റെ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് പാക് മന്ത്രിയായ പോള്‍ ബാട്ടി ഇതിനോട് പ്രതികരിച്ചത്.

അതേസമയം, ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് വരുന്ന പാക് ഹിന്ദുക്കള്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാനില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും തങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി തരണമെന്നുമാണ് ഇവരുടെ ആവശ്യം.

താല്‍ക്കാലിക വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്ഥിരവിസ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.