ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രമുഖ സന്നദ്ധ പ്രവര്‍ത്തക മര്‍വി സിര്‍മെദിന് നേരെ വധശ്രമം. ഇസ്‌ലാമാബാദിന്റെ സമീപപ്രദേശത്തുള്ള ബാനി ഗാലയ്ക്ക് സമീപം മുറെ റോഡിലാണ് സംഭവം  നടന്നത്. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന ഹിന്ദു ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മര്‍വി. മര്‍വിക്കെതിരെ പല തവണ ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ വധഭീഷണി മുഴക്കിയിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് മര്‍വിയ്ക്ക് നേരെ ആക്രമണമുണ്ടായത്.

Ads By Google

കാറിലെത്തിയ അക്രമി സംഘം മര്‍വിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ മര്‍വിയുടെ ഡ്രൈവര്‍ നടത്തിയ ഇടപെടല്‍ മൂലമാണ് ആക്രമണത്തില്‍ നിന്ന് അവരെ രക്ഷപെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകള്‍ മര്‍വിയുടെ കാറില്‍ തുളഞ്ഞുകയറിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ പാര്‍ലമെന്റ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യു.എന്നില്‍ ഒരു പ്രോജക്ടും മര്‍വിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദു, ക്രിസ്ത്യന്‍, ഷിയ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ഭരണകൂടവുമായി സന്ധിയില്ലാത്ത പോരാട്ടമാണ് മര്‍വി നടത്തിവന്നിരുന്നത്. ഹിന്ദു മതവിശ്വാസിയായ മര്‍വിയെ ഇന്ത്യന്‍ അനുഭാവിയായാണ് തീവ്രവാദികള്‍ പരിഗണിച്ചിരുന്നത്. നിരവധി തവണ മര്‍വിക്കെതിരെ വിവിധ ഭീകര സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു.

അടുത്തിടെ മലാല യൂസുഫ്‌സായി എന്ന പതിന്നാലുകാരി വിദ്യാര്‍ഥിനിയ്ക്ക് നേരെ ആക്രമണം നടത്തിയ താലിബാനെതിരെ മര്‍വി ശക്തമായ രംഗത്തുവന്നിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടിയെ വിമര്‍ശിച്ചതിനാണ് മലാലയെ താലിബാന്‍കാര്‍ ആക്രമിച്ചത്.