ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റത്തിന് പള്ളി ഇമാം അറസ്റ്റില്‍. മതനിന്ദ കുറ്റത്തിന് ക്രിസ്ത്യന്‍ ബാലികയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇമാമിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി മതനിന്ദ നടത്തിയെന്ന ആരോപണമുയര്‍ത്തിയ ആളാണ് പള്ളി ഇമാം.  എന്നാല്‍ പെണ്‍കുട്ടിക്കെതിരെ കൃത്രിമത്തെളിവ് ചമച്ചെന്ന് സാക്ഷികള്‍ മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇസ്‌ലാമാബാദിനടുത്ത് മെഹ്‌റാബാദിലെ ഇമാം ഖാലിദ് ചിസ്തിയാണ് അറസ്റ്റിലായത്.

Ads By Google

Subscribe Us:

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഖുര്‍ആന്റെ പേജുകള്‍ കത്തിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് റിംഷ എന്ന പതിനാല് വയസ്സുകാരിയെ രണ്ടാഴ്ചമുമ്പ് അറസ്റ്റുചെയ്തത്. ഡൗണ്‍ സിന്‍ഡ്രോം രോഗബാധിതയാണ് റിംഷ. മെഹ്‌റാബാദിലെ പള്ളി ഇമാം ഖാലിദ് ചിസ്തിയായിരുന്നു റിംഷയ്‌ക്കെതിരെ പരാതി നല്‍കിയതും തെളിവുകള്‍ ഹാജരാക്കിയതും.
പെണ്‍കുട്ടിയില്‍നിന്ന് പിടിച്ചെടുത്ത കത്തിച്ച കടലാസുകഷണങ്ങള്‍ക്കൊപ്പം ചിസ്തി ഖുര്‍ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ ചേര്‍ക്കുന്നതു കണ്ടെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ മൊഴിനല്‍കിയതിനെത്തുടര്‍ന്നാണ് ചിസ്തി അറസ്റ്റിലായത്. റിംഷയ്‌ക്കെതിരായ തെളിവുകള്‍ ബലപ്പെടുത്താനെന്ന്‌ പറഞ്ഞാണ് ചിസ്തി ഇതുചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ഈ മേഖലയില്‍നിന്ന് ക്രിസ്ത്യാനികളെ ആട്ടിപ്പായിക്കണമെങ്കില്‍ ഇങ്ങനെയെല്ലാം ചെയ്യേണ്ടിവരും എന്നായിരുന്നത്രെ ഇമാം പറഞ്ഞത്. പെണ്‍കുട്ടി അറസ്റ്റിലായതിന്‌ പിന്നാലെ ആക്രമണഭീഷണി കാരണം ഈ പ്രദേശത്തെ ക്രിസ്ത്യന്‍കുടുംബങ്ങള്‍ ഒഴിഞ്ഞുപോയിരുന്നു.

അതേസമയം, തെളിവില്‍ കൃത്രിമം കാണിച്ചതിനല്ല, മതനിന്ദ നടത്തിയതിനാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കത്തിയ കടലാസിനും ചാരത്തിനുമൊപ്പം ഖുര്‍ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ ചേര്‍ത്തതോടെ ഇമാം ചിസ്തിയും മതനിന്ദാക്കുറ്റം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ അവരുടെ സുരക്ഷ മുന്‍നിര്‍ത്തി കരുതല്‍ കസ്റ്റഡിയിലാണ്.

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പലപ്പോഴും ഈ വകുപ്പുപ്രകാരം കള്ളക്കേസുകള്‍ ചമയ്ക്കാറുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. ബുദ്ധിവികാസമില്ലാത്ത പെണ്‍കുട്ടിയെ ഇത്തരമൊരു കേസില്‍ കുടുക്കി അറസ്റ്റുചെയ്തതിനെതിരെ മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തിയിരുന്നു.