Categories

ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച പാക്കിസ്ഥാന്‍ യുവാവ് അറസ്റ്റില്‍

ഇസ്‌ലാമാബാദ് : ഹിന്ദു യുവതിയെ മതം മാറ്റി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച പാക്കിസ്ഥാന്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി ഇസ്‌ലാം മതത്തിലേക്ക് മാറി തന്നെ വിവാഹം ചെയ്യണമെന്നതായിരുന്നു യുവാവിന്റെ ആവശ്യം.

Ads By Google

യുവാവ് തന്നെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. സര്‍വാര്‍ സോളങ്കി എന്ന യുവാവിനെയാണ്  സിന്ധ്‌ ഹൈക്കോടതി പോലീസ് കസ്റ്റിഡിയില്‍ വിട്ടത്.

അതേസമയം, പെണ്‍കുട്ടി കഴിഞ്ഞ മെയ് 20 ന് കറാച്ചിയില്‍ വച്ച് ഇസ്‌ലാം മതം സ്വീകരിച്ചെന്നാണ് സോളങ്കിയുടെ വാദം. ഇതിന്റെ തെളിവുകളും സോളങ്കിയുടെ അഡ്വക്കറ്റ് ഗുലാം ഹൈദര്‍ ഷാ കോടതിയില്‍ ഹാജരാക്കി.

മെയ് 25 ന് സോളങ്കിയും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ആഘോഷപൂര്‍വ്വം കഴിഞ്ഞതാണെന്നും, പീന്നീട് ജൂണ്‍ 20 ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നെന്നും സോളങ്കിയുടെ വക്താവ് കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ സോളങ്കിയുടെ വാദം കോടതിയില്‍ പെണ്‍കുട്ടി നിഷേധിക്കുകയായിരുന്നു. വീട്ടില്‍ നിന്നും വസ്ത്രം കഴുകാന്‍ പോയ തന്നെ സോളങ്കിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ വാദം.

തട്ടിക്കൊണ്ടുപോയി കറാച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ തന്നെ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും സോളങ്കിയും സംഘവും പുറത്തുപോയ സമയത്ത് താന്‍ രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.