എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാകപ്പ്: പാക്കിസ്ഥാന്‍ വിയര്‍ത്ത് നേടി
എഡിറ്റര്‍
Friday 23rd March 2012 9:19am

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന്. അവസനാ പന്തുവരെ ആവേശം നിറഞ്ഞു നിന്ന ഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് കീഴടക്കിയാണ് പാക്കിസ്ഥാന്‍ രണ്ടാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.

തോറ്റെങ്കിലും തലയുയര്‍ത്തി തന്നെയാണ് ബംഗ്ലാദേശ് തിരിച്ചത്.  ലോക ചാമ്പ്യന്‍മാരായ ഇന്ത്യയെയും റണ്ണറപ്പുകളായ ശ്രീലങ്കയെയും കീഴടക്കി ഫൈനലിലെത്തിയ ബംഗ്ലാദേശ് ഫൈനലില്‍ പാക്കിസ്ഥാനെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. സ്‌കോര്‍: പാക്കിസ്ഥാന്‍: 50 ഓവറില്‍ 236/9, ബംഗ്ലാദേശ്: 50 ഓവറില്‍ 234/8.

ഐസാസ് ചീമ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പതു റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മെഹമ്മദുള്ളയും അബ്ദുര്‍ റസാഖുമായിരുന്നു ക്രീസില്‍. ആദ്യ രണ്ടു പന്തില്‍ ഓരോ റണ്ണെടുത്ത ബംഗ്ലാദേശിന് മൂന്നാം പന്തില്‍ റണ്ണൊന്നും എടുക്കാനായില്ല. എന്നാല്‍ നാലാം പന്തില്‍ മൂന്നു റണ്ണെടുത്ത ബംഗ്ലാദേശിന് ജയിക്കാന്‍ രണ്ടു പന്തില്‍ വേണ്ടിയിരുന്നത് നാലു റണ്‍സായിരുന്നു. അഞ്ചാം പന്തില്‍ അബ്ദുര്‍ റസാഖിനെ ബൗള്‍ഡാക്കി ചീമ പാക്കിസ്ഥാന് മുന്‍തൂക്കം നല്‍കി. ഇതോടെ അവസാന പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നായി. എന്നാല്‍ അവസാന പന്ത് നേരിട്ട ഷഹ്ദാത്ത് ഹൊസൈന് ഒരു റണ്ണെ നേടാന്‍ കഴിഞ്ഞുള്ളു. അര്‍ധസെഞ്ചുറി നേടിയ തമീം ഇഖ്ബാലും(60), ഷക്കീബ് അല്‍ ഹസനും ചേര്‍ന്നാണ് ബംഗ്ലാദേശിനെ ജയത്തിനടുത്തെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. 46 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സര്‍ഫ്രാസ് അഹമ്മദാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.മുഹമ്മദ് ഹഫീസ്(40), ഉമര്‍ അക്മല്‍(30), ഷാഹിദ് അഫ്രീദി(32) എന്നിവരും പാക്കിസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി മഷ്‌റഫി മുര്‍ത്താസ, അബ്ദുര്‍ റസാഖ്, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പയിലുടനീളം മികച്ച പ്രകടം കാഴ്ചവെച്ച ബംഗ്ലാദേശിന്റെ തമീം ഇഖ്ബാലാണ് പരമ്പരയിലെ താരം.ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ 236 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ടൂര്‍ണമെന്റില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയ ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസനാണ് ടൂര്‍ണമെന്റിന്റെ താരം. ഫൈനലില്‍ ഷാക്കീബ് രണ്ടു വിക്കറ്റ് വീഴ്ത്തുകയും 68 റണ്‍സോടെ മത്സരത്തിലെ ടോപ്‌സ്‌കോററാവുകയും ചെയ്തു. പാകിസ്താന്റെ ഷാഹിദ് അഫ്രീഡിയാണ് ഫൈനലിന്റെ താരം.

Malayalam news

Kerala news in English

Advertisement