എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന് 13 റണ്‍സ് വിജയം
എഡിറ്റര്‍
Sunday 23rd September 2012 8:49pm

കൊളംബോ: അവസാന ഓവറിലേയ്ക്ക് ആവേശം നീണ്ട ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനു 13 റണ്‍സ് വിജയം. ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറിന് 177 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റിന് ഒന്‍പതിന് 164 റണ്‍സെടുക്കനേ കഴിഞ്ഞുള്ളു.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹഫീസും ഇമ്രാന്‍ നസീറും ഓപ്പണിങ് കൂട്ടുകെട്ടിലൂടെ നേടിയ മികച്ച സ്‌കോറാണ് പാക്കിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ കഴിഞ്ഞത്. ഓപ്പണിങ് നന്നായെങ്കിലും 25 റണ്‍സ് നേടിപ്പോള്‍ നസീര്‍ പുറത്തായി. തുടര്‍ന്ന് ഹഫീസിനു കൂട്ടായെത്തിയ നസീര്‍ കൂറ്റനടി പുറത്തെടുത്തപ്പോള്‍ കിവീസ് ബൗളര്‍മാര്‍ നന്നായി വിയര്‍ത്തു. തലങ്ങും വിലങ്ങും ബാറ്റ് വീശിയ ജംഷെദ് അര്‍ദ്ധസെഞ്ച്വറി നേടി പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 76 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഹഫീസും ജംഷെദും ചേര്‍ന്ന് അടിച്ചെടുത്തത്.

Ads By Google

43 റണ്‍സെടുത്ത ഹഫീസിനെ ജെയിംസ് ഫ്രാങ്ക്‌ളിന്‍ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ തുടര്‍ന്നെത്തിയ കമ്രാന്‍ അക്മലിനെ മൂന്നു റണ്‍സെടുക്കുന്നതിനിടെ കൂടാരം കയറ്റി. പിന്നീട് വന്ന ഉമര്‍ അക്മല്‍ 23 റണ്‍സ് നേടി. ഷഹിദ് അഫ്രീദി ആറു പന്തില്‍ 12 റണ്‍സെടുത്തു അവസാന ഓവറില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ടിം സോത്തിയും ജേക്കബ് ഒറാമും പാക്കിസ്ഥാന്റെ കുതിപ്പിന് വേഗം കുറച്ചു.

ഓപ്പണിങ് കൂട്ടുകെട്ട് നന്നായെങ്കിലും തുടര്‍ന്നങ്ങോട്ട് തുടക്കക്കാരെ പോലെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ന്യൂസിലന്റ് വീഴുകയായിരുന്നു. 53 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍മാരായ റോബ് നിക്കോള്‍ (33), കെയ്ന്‍ വില്യംസണ്‍ (15) എന്നിവര്‍ ചേര്‍ന്ന് മികച്ച അടിത്തറയിട്ടു. നിക്കോളിനെ ക്ലീന്‍ബൗള്‍ഡാക്കി അഫ്രീദി കിവീസിന്റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു.

ക്രീസില്‍ താളം കണ്ടെത്തുന്നതിന് മുമ്പേ നിശ്ചിത ഇടവേളകളില്‍ പാക് ബൗളര്‍മാര്‍ കിവീസിനെ കൂടാരത്തിലേക്ക് തിരിച്ചയച്ചു. 37 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ബ്രണ്ടന്‍ മെക്കല്ലം ടോപ്പ് സ്‌കോററായി. നാലോവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ സയ്ദ് അജ്മലാണ് കിവീസിനെ തകര്‍ത്തത്. സൊഹൈല്‍ തന്‍വീര്‍, ഉമര്‍ ഗുള്‍, അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement