ഇസ്ലാമാബാദ്: താലിബാനിലെ തീവ്രവാദി സംഘടനയായ ഹഖാനി ഗ്രൂപ്പിനെതിരെ സൈനികനടപടി സ്വീകരിക്കേണ്ടതില്ലെന്നു പാകിസ്താന്‍ തീരുമാനിച്ചു. പാക് സൈനിക മേധാവി ജനറല്‍ അശ്ഫാക് പര്‍വേസ് കയാനിയുടെ നേതൃത്വത്തില്‍ നടന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അമേരിക്കയുടെ സമ്മര്‍ദം അവഗണിച്ചാണ് സേനാ കമാന്‍ഡര്‍മാര്‍ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

വടക്കന്‍ വസീറിസ്ഥാനില്‍ ഹഖാനി വിഭാഗത്തിനെതിരേ ശക്തമായ നടപടി വേണമെന്ന അമേരിക്കന്‍ ആവശ്യത്തെ കമാന്‍ഡര്‍മാര്‍ എതിര്‍ത്തു. വടക്കന്‍ വസീറിസ്താനില്‍ യു.എസ് ഏകപക്ഷീയ ആക്രമണം നടത്തിയാല്‍ പാക് ജനതക്കു മേല്‍ യു.എസ് വിരുദ്ധ വികാരം ഇരട്ടിക്കും. ഇറാഖില്‍ അധിനിവേശം നടത്തിയതുപോലെ പാകിസ്താനിലും അധിനിവേശത്തിനുളള ഒരുക്കങ്ങള്‍ അമേരിക്ക നടത്തുകയാണെന്ന് ചില പാക് സൈനിക ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിരീക്ഷിച്ചതായും റിപ്പാര്‍ട്ടുകള്‍ പറയുന്നു.

ഹഖാനി വിഭാഗത്തെ പാക് സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് യു.എസ് ആരോപിച്ചിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായി ഹഖാനിക്ക് അടുത്ത ബന്ധമുളളതായി യു.എസ് സൈനിക മേധാവി മൈക് മുളളന്‍ ആരോപിച്ചിരുന്നു. കാബൂളിലെ അമേരിക്കന്‍ എംബസി ആക്രമണത്തിന് ഉള്‍പ്പെടെ ഹഖാനി വിഭാഗത്തിനു പാക് ചാരസംഘടനയായ ഐ.എസ്.ഐ. സഹായം നല്‍കിയെന്ന് ഒരു മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനും പ്രസ്താവിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും അപകടകാരികളായ ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്. പാക് ചാരസംഘടന ഐ.എസ്.ഐയുടെ തണലില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അല്‍ഖ്വയ്ദയും മറ്റു വിദേശ ഭീകരസംഘടനകളുമായും അടുത്ത ബന്ധം. ആസ്ഥാനം വടക്കന്‍ പാക്കിസ്ഥാനിലെ വസീറിസ്ഥാന്‍. തലവന്‍ ജലാവുദ്ധീന്‍ ഹഖാനിയാണെങ്കിലും ഇപ്പോള്‍ മകന്‍ സിറാജുദ്ധീന്റെ നിയന്ത്രണത്തില്‍. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സോവിയറ്റ് യൂണിയനെതിരേ അഫ്ഗാനില്‍ പോരാടാനായിരുന്നു സി.ഐ.എ ഇവര്‍ക്ക് പിന്തുണ നല്‍കിയത്. എന്നാല്‍ പിന്നീട് ഇതേ ഹഖാനികള്‍ അമേരിക്കയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

കമാന്‍ഡര്‍മാരുടെ ഈ തീരുമാനം പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിള്ളല്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണു കരുതപ്പെടുന്നത്.