വാഷിംഗ്ടണ്‍: സോവിയറ്റ് യൂണിയന്റെ കുതിപ്പിനെ തടയാനായി ഒരുകാലത്ത് അമേരിക്ക ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള സംഘടനകളെ സഹായിച്ചിരുന്നുവെന്ന് ഹിലരി ക്ലിന്റണ്‍ സമ്മതിച്ചു. എന്നാല്‍ അത് ‘ബൂമറാംഗ്’ പോലെ അമേരിക്കക്കെതിരേ തിരിഞ്ഞുവെന്നും എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഒസാമ അടക്കമുള്ള പലര്‍ക്കും അമേരിക്ക പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ന് അമേരിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്ന പല സംഘടനകളും തങ്ങള്‍ തന്നെ സൃഷിടിച്ചതാണ്. അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയന്റെ കുതിപ്പ് തടയാനായി മുജാഹിദ് ശക്തികളെ അമേരിക്ക പ്രോല്‍സാഹിപ്പിച്ചിരുന്നതായും ഹിലരി ക്ലിന്റണ്‍ സമ്മതിച്ചു.

പാക്കിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നുവെന്നും ഹിലരി വെളിപ്പെടുത്തി. തങ്ങളുടെ സുരക്ഷയ്ക്കായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇത്തരം ഗ്രൂപ്പുകളെ ഉപയോഗിച്ചിരുന്നുവെന്നും ഹിലരി പറഞ്ഞു.

ഇന്ത്യക്കെതിരേയും അഫ്ഗാനിസ്താനെതിരേയും പാക്കിസ്താന്‍ ഭീകരസംഘടനകളെ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പാക്കിസ്താന്റെ ഭാഗത്തു നിന്നും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഘടനകളെ പാക്കിസ്താന്‍ പൂര്‍ണമായും ഉപേക്ഷിച്ചോ എന്ന് ഉറപ്പിക്കാനാവില്ലെന്നും ഹിലരി അഭിമുഖത്തില്‍ പറഞ്ഞു.