എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബി.സി.സി.ഐ
എഡിറ്റര്‍
Saturday 12th May 2012 4:56pm

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്രിക്കറ്റ്ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിക്കുന്നത് എതിര്‍ക്കില്ലെന്ന് ബി.സി.സി.ഐ. ഒക്‌ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായി പാക്കിസ്ഥാനിലെ ആഭ്യന്തര ട്വന്റി-20 ലീഗ് ചാമ്പ്യന്‍മാരെ ക്ഷണിക്കുമെന്നും ബി.സി.സി.ഐ പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്ഥാന്‍ കളിക്കാരെ  ഒഴിവാക്കിയിരുന്നു. എന്നാല്‍ ബി.സി.സി.ഐ നിലപാടില്‍ അയവു വരുത്തിയതോടെ പാക് ആഭ്യന്തര ട്വന്റി-20 ചാമ്പ്യന്‍മാരായ സിയാല്‍ക്കോട്ട് സ്റ്റാലിയോണ്‍സിന് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരമൊരുങ്ങി. മുന്‍ പാക് ക്യാപ്റ്റന്‍ ഷൊയൈബ് മാലിക്കാണ് സിയാല്‍ക്കോട്ട് സ്റ്റാലിയോണ്‍സിന്റെ നായകന്‍.

‘ ഒക്ടോബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ടീമിനെ ക്ഷണിക്കാന്‍ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.’  ശ്രീനിവാസന്‍ വ്യക്തമാക്കി.

‘ ഈ ശുപാര്‍ശ ബി.സി.സി.ഐ ഗവേണിംഗ് കൗണ്‍സിലിനെ അറിയിക്കും. ബി.സി.സി.ഐ, ക്രിക്കറ്റ് ആസ്‌ത്രേലിയ, ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക  എന്നിവയുടെ ഉടമസ്ഥതിലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20. അതിനാല്‍ ബി.സി.സി.ഐയ്ക്ക് എതിര്‍പ്പില്ലെന്ന് ഞങ്ങള്‍ ജി.സിയെ അറിയിക്കുകയും പാക്കിസ്ഥാന്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടീമിലേക്ക് ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിക്കും.’ അദ്ദേഹം വ്യക്തമാക്കി.

പുതിയ തീരുമാനത്തോടെ അടുത്തവര്‍ഷം നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ പാക് താരങ്ങളെയും ഉള്‍പ്പെടുത്താന്‍ സാധ്യത ഒരുങ്ങി.

Advertisement