ഇസ്‌ലാമാബാദ്: ആണവ രഹസ്യങ്ങള്‍ പാകിസ്ഥാന്‍ ഇറാനും ലിബിയക്കും കൈമാറിയതായി ഐ.എസ്.ഐ റിപ്പാര്‍ട്ട്. പാക് ചാരസംഘടനയായ ഐ.സ്.ഐ തന്നെ തയ്യാറാക്കിയ റിപ്പാര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വാഷിംഗ്ടണ്ണിലെ ഒരു പ്രധാന ന്യൂസ് ചാനലാണ് വാര്‍ത്ത പുറത്തു വിട്ടത്.

വ്യവസായിക അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത അവികസിത രാജ്യമായിരുന്ന പാക്കിസ്ഥാന് എല്ലാ കാര്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നായി നേടേണ്ടി വന്നു. ഇതിനായി ജര്‍മനി, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ദുബായിലെത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ശ്രീലങ്കന്‍ തമിഴ് വംശജരായ താഹിര്‍, ഫാറൂഖ് എന്നിവരാണ് ഇവിടെ ഇടനിലക്കാരായിരുന്നത്. ആണവ ആവശ്യങ്ങള്‍ക്കു കൈമാറിയ 50 ലക്ഷം ഡോളര്‍ (24 കോടിയിലേറെ രൂപ) ഇവര്‍ വഴി ഇന്ത്യയിലേക്കും സിംഗപ്പൂരിലേക്കും എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിവാദ ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു.ഖാനെ ചോദ്യം ചെയ്തതില്‍ നിന്നാണു ലിബിയയ്ക്കും ഇറാനും ആണവ സാങ്കേതിക രഹസ്യങ്ങള്‍ കൈമാറിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
1971ല്‍ ഇന്ത്യയോടേറ്റ കനത്ത യുദ്ധപരാജയം, 1974ല്‍ ഇന്ത്യയുടെ ആണവ പരീക്ഷണം എന്നിവയുടെ പശ്ചാത്തലത്തിലാണ് എങ്ങനെയെങ്കിലും ആണവ സാങ്കേതിക വിദ്യ നേടുകയെന്ന ലക്ഷ്യവുമായി പാകിസ്ഥാന്‍ രംഗത്തിറങ്ങിയത്. കടം വാങ്ങിയോ യാചിച്ചോ മോഷ്ടിച്ചോ ഇതു നേടുക തന്നെ ചെയ്യുമെന്നും മുന്‍ പ്രസിഡന്റ് ജനറല്‍ സിയാഹുല്‍ ഹഖ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1976ല്‍ ആണവ ഗവേഷണ സംഘടന സ്ഥാപിതമായപ്പോള്‍ ആവശ്യമായതെന്തും ഏതുവിധേനയും നേടാനുള്ള സ്വാതന്ത്ര്യമാണു ഡയറക്ടര്‍ക്കു നല്‍കിയിരുന്നത്.