ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിനെതിരെ അറസ്റ്റ് വാറണ്ട്. പാക്കിസ്ഥാന്‍ സുപ്രീം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട നടത്തിയ അഴിമതിയെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്.

വൈദ്യുതി പദ്ധതിയായ റെന്റല്‍ പവര്‍ പ്രൊജക്ടില്‍(ആര്‍.പി.പി) 22 ബില്യണിന്റെ അഴിമതി നടത്തിയെന്നാണ് പര്‍വേസ് അഷ്‌റഫിനെതിരെയുള്ള ആരോപണം.

Ads By Google

ജസ്റ്റിസ് ഇഫ്തിഖാര്‍ മുഹമ്മദ് ചൗദരി ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ ആരോപണ വിധേയരായവരെ അറസ്റ്റ് ചെയ്യാന്‍ നേരത്തേ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍.എ.ബി)ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പ്രധാനമന്ത്രി പര്‍വേസ് അഷ്‌റഫിനെ കൂടാതെ മുന്‍ കാബിനറ്റ് മന്ത്രിമാരും നാല് സെക്രട്ടറിമാരുമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പൊതു തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇതിനായി തയ്യാറെടുക്കാനും സ്ുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.