ഇസ്‌ലാമാബാദ്: അജ്മല്‍ കസബിന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധി മാനിക്കുന്നെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്. മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കസബിന്റെ വധശിക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവെച്ചിരുന്നു.

Ads By Google

‘ ഇത് കോടതിയുടെ തീരുമാനമാണ്. എന്തിനാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് പറയാന്‍ ഞാനാളല്ല. അങ്ങനെ ചെയ്യാന്‍ കോടതിക്ക് കാരണങ്ങളുണ്ടാവും. എനിക്ക് തോന്നുന്നത് പാക്കിസ്ഥാനിലായാലും ഇന്ത്യയിലായാലും കോടതികളുടെ വിധി നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്’. മാലിക് പറഞ്ഞു.

Subscribe Us:

പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ടെഹ്‌റാനില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മാലിക്കിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനൊരുങ്ങിയെന്ന് പറഞ്ഞ് ബുധനാഴ്ച സുപ്രീംകോടതി കസബിന്റെ വധശിക്ഷ ശരിവെച്ചിരുന്നു. ഇനി സുപ്രീംകോടതിയുടെ മുമ്പില്‍ റിവ്യൂ ഹരജി നല്‍കാന്‍ കസബിന് സാധിക്കും. റിവ്യൂ ഹരജി തള്ളുകയാണെങ്കില്‍ ദയാഹരജിയുമായി മഹാരാഷ്ട്ര ഗവര്‍ണറെയും അതും തള്ളുകയാണെങ്കില്‍ ദയാഹരജിയുമായി പ്രസിഡന്റിനെയും സമീപിക്കാം.