Categories

അഫ്ഗാന്‍കാരായ 13 താലിബാന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍കാരായ താലിബാന്‍ തടവുകാരില്‍ 13 പേരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. താലിബാന്‍ കമാന്‍ഡറായിരുന്ന അന്‍വര്‍ ഉള്‍ ഹഖ് ഉള്‍പ്പെടെയുള്ള 13 താലിബാന്‍ തടവുകാരെയാണ് പാക്കിസ്ഥാന്‍ മോചിപ്പിച്ചത്. നാറ്റോസേന പിന്മാറുന്ന സാഹചര്യത്തില്‍ താലിബാനുമായി സന്ധി സംഭാഷണം നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി.

Ads By Google

ദീര്‍ഘനാളായി അഫ്ഗാനിസ്ഥാന്‍ ഉന്നയിക്കുന്ന ആവശ്യമാണിത്. ബഗ്‌ലാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുല്ലാ അബ്ദുള്‍ സലാം, അഹമ്മദ് ഗുള്‍, കാബൂള്‍ മുന്‍ ഗവര്‍ണര്‍ ദാവൂദ് ജലാലി എന്നിവരെയും മോചിപ്പിച്ചതായി പാക് കേന്ദ്രങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാന്‍ സമാധാന കൗണ്‍സിലും നടത്തിയ ചര്‍ച്ചകളാണ് താലിബാന്‍കാരുടെ മോചനത്തിന് വഴിയൊരുക്കിയത്.

പാക്കിസ്ഥാനിലെ വിവിധ ജയിലുകളിലായി 40ഓളം അഫ്ഗാന്‍ താലിബാന്‍ തടവുകാരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. നിലവില്‍ മോചിതരായ താലിബാന്‍കാര്‍ സമാധാന പ്രക്രിയയ്ക്ക് സഹായമാകുമെങ്കില്‍ അഫ്ഗാന്‍ താലിബാന്റെ നേതൃനിരയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന മുല്ലാ അബ്ദുള്‍ ഘാനി ബറാദറിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.

2010 ഫെബ്രുവരിയില്‍ പിടിയിലായ ബറാദറിനെ പാക്കിസ്ഥാന്‍ അജ്ഞാത കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. താലിബാനുമായി ധാരണയുണ്ടാക്കി അനുരഞ്ജന പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നാറ്റോ സേന പിന്മാറുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ വന്‍കലാപം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ആശങ്ക.

ഒരു പക്ഷേ താലിബാന്‍ വീണ്ടും അധികാരം പിടിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം.