ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ വംശജരുടെ കൂട്ട പലായനത്തിന് ഇടയാക്കിയ എസ്.എം.എസ് സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്ന ഇന്ത്യന്‍ നിലപാടിനെതിരെ പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യയില്‍ നടക്കുന്ന ദുരന്തങ്ങള്‍ക്കെല്ലാം പാകിസ്ഥാന് നേരെ തിരിയുന്നത് ശരിയല്ലെന്നും ഉന്നത പാക് വൃത്തങ്ങള്‍ പറഞ്ഞതായി ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ നയതന്ത്ര തലത്തില്‍ കൈമാറാനും ഇന്ത്യക്ക് സാധിച്ചില്ലെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.

Ads By Google

ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്ങിന്റെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരമാണെന്നും പാക് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസാം കലാപത്തെത്തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന പ്രചരണങ്ങളുടെ ഉറവിടം പാകിസ്ഥാനാണെന്ന് ആര്‍.കെ സിങ് പറഞ്ഞിരുന്നു.

മ്യാന്‍മറില്‍ കൊടുങ്കാറ്റിലും മറ്റും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ചിത്രങ്ങള്‍ ബോഡോലാന്റിലും മ്യാന്‍മറിലും കൊല്ലപ്പെട്ടവരുടേയാണെന്ന രീതിയിലാണ് പ്രചരണമെന്നും സിങ് പറഞ്ഞിരുന്നു.

അക്രമദൃശ്യങ്ങളടങ്ങിയ എസ്.എം.എസ്, എം.എം.എസ് എന്നിവയുടെ ഉറവിടം പാക്കിസ്ഥാനാണെന്നത് സംബന്ധിച്ച് പോലീസിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും തെളിവ് ലഭിച്ചിട്ടുണ്ട്. ഈ ഫോട്ടോകള്‍ ആദ്യം ഉപയോഗിച്ചത് ആരാണെന്നറിയുന്നതിനായി ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത ഐ.പി അഡ്രസുകള്‍ ഗൂഗിളിനോട് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.