ന്യൂദല്‍ഹി: ദി ഹിന്ദു പത്രത്തിന്റെ ലേഖകന് പാക്കിസ്ഥാനില്‍ വിസ നിഷേധിച്ചു. ഹിന്ദു ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായ പ്രവീണ്‍ സ്വാമിക്കാണ് പാക്കിസ്ഥാനില്‍ വിസ നിഷേധിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയ്‌ക്കൊപ്പമുള്ള മാധ്യമസംഘത്തിലെ അംഗമായിരുന്നു പ്രവീണ്‍ സ്വാമി. അറുപത് പേരുള്ള മാധ്യമസംഘത്തില്‍ പ്രവീണിന്റെ വിസ മാത്രമാണ് റദ്ദാക്കിയത്.

Ads By Google

അതേസമയം, എന്ത് കാരണത്താലാണ് വിസ നിഷേധിച്ചതെന്ന് പാക് ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. പ്രവീണ്‍ സ്വാമിക്ക് പകരം ഹിന്ദുവിലെ മറ്റൊരു ലേഖകന് വിസ നല്‍കാമെന്ന് ഹൈക്കമ്മീഷന്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഹിന്ദു തള്ളിക്കളഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് ദി ഹിന്ദു ന്യൂദല്‍ഹി റസിഡന്റ് എഡിറ്ററായ പ്രവീണ്‍ സ്വാമിയെ എസ്.എം. കൃഷ്ണയുടെ  രണ്ട്‌ ദിവസത്തെ ഇസ്‌ലാമാബാദ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹിന്ദു നിയോഗിച്ചത്.

വിസയ്ക്കായുള്ള രേഖകള്‍ പ്രവീണ്‍ സ്വാമി സമര്‍പ്പിച്ചതിന് ശേഷം ഈ ആഴ്ച്ച ദല്‍ഹിയില്‍ വെച്ച് നടന്ന പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ യോഗത്തിലും പ്രവീണിന് ക്ഷണമുണ്ടായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രവീണിന് വിസ നിഷേധിച്ചതായുള്ള അറിയിപ്പ് ലഭിക്കുന്നത്. പ്രവീണിന്റെ പാസ്‌പോര്‍ട്ടിലും വിസ കാന്‍സല്‍ ചെയ്തതായി സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.