ന്യൂയോര്‍ക്ക്: കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന വാദവുമായി പാകിസ്ഥാന്‍ വീണ്ടും രംഗത്ത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ചര്‍ച്ചക്കിടെയാണ് പാക് പ്രതിനിധി ഈ വാദവുമായി വീണ്ടും രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യമുന്നയിച്ചു. പാകിസ്താന്റെ അഭിപ്രായപ്രകടനത്തോട് രൂക്ഷമായാണ് ഇന്ത്യ പ്രതികരിച്ചത്. അനാവശ്യവും അനുചിതവുമാണ് പാകിസ്ഥാന്റെ പരാമര്‍ശമെന്ന് ഇന്ത്യ വാദിച്ചു.

ജമ്മു കാശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. ജമ്മു കശ്മീര്‍ ജനതയുടെ സ്വയംനിര്‍ണയാവകാശം യു.എന്‍. പ്രമേയങ്ങള്‍ അംഗീകരിച്ചതാണ്. ജമ്മു കാശ്മീര്‍ തര്‍ക്കത്തിന് പരിഹാരം ഇല്ലാതെ ഐക്യരാഷ്ട്രസഭയുടെ കാര്യപരിപാടി പൂര്‍ണമാകില്ലെന്നും പാക് പ്രതിനിധി റാസ ബഷീര്‍ തരാര്‍ പറഞ്ഞു.

Subscribe Us:

പാകിസ്ഥാന്റെ ഈ വാദത്തിന് മറുപടിയായി ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പാക് പ്രതിനിധിയെ ഓര്‍മിപ്പിച്ച ഇന്ത്യ; എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതായും ഇന്ത്യയുടെ പ്രതിനിധി ആര്‍ രവീന്ദ്ര വ്യക്തമാക്കി. സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പുകളില്‍ പങ്കാളികളായി കാശ്മീര്‍ ജനത തങ്ങളുടെ അഭിലാഷം സ്വതന്ത്രമായി പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.