ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്നു. അടുത്ത ശനിയാഴ്ചയാണ് പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തുന്നത്.

Ads By Google

മാര്‍ച്ച് 16 ന് നടക്കുന്ന ജനറല്‍ ഇലക്ഷന് മുന്നോടിയായി അജ്മീറിലെ സൂഫി ക്വാജാ മൊയിനുദ്ദീന്‍ ചിസ്റ്റിയുടെ ആരാധനാലയത്തിലാണ് പാക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അവിടെ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുക്കും.

പര്‍വേസ് അഷറഫിനെ സ്വീകരിക്കാനായി അജ്മീറില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായാണ് അറിയുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുന്ന പര്‍വേസ് മുഷറഫുമായി ഔദ്യോഗിക ചര്‍ച്ചയ്‌ക്കൊന്നും ഭരണകൂടം മുതിരുന്നില്ല. സൂഫി ആരാധനാലയത്തില്‍ എത്തിയ ശേഷം പര്‍വേസ് അഷറഫ് പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ഇവിടെ സന്ദര്‍ശനത്തിന് എത്തിയിരുന്നു. അന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ ജനുവരിയില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് പാക് പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു ഔദ്യോഗിക ചര്‍ച്ചയ്ക്ക് ഇരു നേതാക്കളും തയ്യാറാവാത്തതെന്നാണ് അറിയുന്നത്.