എഡിറ്റര്‍
എഡിറ്റര്‍
സര്‍ദാരിയ്‌ക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാമെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Tuesday 18th September 2012 10:30am

ഇസ്‌ലാമാബാദ്:  പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് തിരിച്ചടിയായി പ്രധാനമന്ത്രിയുടെ നിലപാട്. സര്‍ദാരിക്കെതിരായ സ്വിറ്റ്‌സര്‍ലന്റിലുള്ള അഴിമതിക്കേസുകളില്‍ നടപടികള്‍ പുനരാരംഭിക്കാമെന്ന് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് സുപ്രീംകോടതിയെ അറിയിച്ചു.

Ads By Google

പ്രധാനമന്ത്രിയുടെ നിലപാട് ഭരണഘടനാ പരിരക്ഷ അവകാശപ്പെടുന്ന സര്‍ദാരിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ ഈ മാസം 25 വരെ സമയം അനുവദിച്ചിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്റിലെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് സര്‍ദാരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ റദ്ദാക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ കത്ത് തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. തുടര്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി കോടതിയെ അറിയിച്ചു.

പാക്കിസ്ഥാന്‍ സുപ്രീംകോടതിയും സര്‍ക്കാരും തമ്മില്‍ ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച വിഷയത്തിലാണ് ഇപ്പോള്‍ നടപടികള്‍ പുനരാരംഭിക്കാമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്.

പ്രസിഡന്റിനെതിരായ കേസ് പുനരാരംഭിക്കാനുള്ള കോടതി ഉത്തരവ് അനുസരിക്കാതെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്.  ഗിലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നായിരുന്നു പുതിയ പ്രധാനമന്ത്രിയായി രാജ പര്‍വേസ് അധികാരമേറ്റത്.

പ്രസിഡന്റിന് ഭരണഘടനാപരമായ പരിരക്ഷ ഉള്ളതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാനാവില്ലെന്ന നിലപാടായിരുന്നു ഗിലാനിയുടേത്.

2009 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് ആണ് സര്‍ദാരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അഴിമതിക്കേസുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

1990കളില്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭരണത്തിലിടപെട്ട സര്‍ദാരി വന്‍തോതില്‍ അഴിമതി നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. 12 മില്യണ്‍ ഡോളര്‍ സര്‍ദാരി അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. പ്രസിഡന്റിനും മറ്റ് രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ക്കുമെതിരായ കേസ് മരവിപ്പിച്ച നടപടി 2009ലാണ് സുപ്രീം കോടതി എടുത്തുമാറ്റിയത്.

രാഷ്ട്രത്തലവനെന്ന നിലയില്‍ സര്‍ദാരിക്ക് നിയമപരിരക്ഷയുണ്ടെന്ന വാദമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ തുടര്‍ന്നു പോന്നിരുന്നത്.

Advertisement