ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലെത്തി. 500 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് പഠനം നടത്തുന്നത്.

ഇസ്‌ലാമാബാദില്‍ ഇന്നലെ ചേര്‍ന്ന ഇരുരാജ്യങ്ങളിലെയും വിദഗ്ധരുടെ യോഗത്തിലാണ് ധാരണ. രാജ്യത്തെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യയില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. വൈദ്യുതി ക്ഷാമം പാക്കിസ്ഥാനിലെ പല വ്യവസായ സംരംഭങ്ങളെയും ബാധിച്ചിട്ടുണ്ട്. ക്ഷാമത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

Ads By Google

ഹൈ വോള്‍ട്ടേജ് ഡയറക്ട് കറണ്ട് ലിങ്ക് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. അതിര്‍ത്തിമേഖലകളിലാണ് സാധ്യതാപഠനം നടത്തുക. ഇതോടൊപ്പം ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ തുക സ്വരൂപിക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.

ഒക്ടോബറില്‍ ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഊര്‍ജ മന്ത്രാലയം ജോയിന്റ് സെക്രട്ടറി റിത ആചാര്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാക് ഊര്‍ജ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സംഗ്രാം ഇഷ്‌കയുടെ നേതൃത്വത്തിലാണ് പാക് സംഘം ചര്‍ച്ചയ്‌ക്കെത്തിയത്.