എഡിറ്റര്‍
എഡിറ്റര്‍
മലാലയെ പാക്കിസ്ഥാന്റെ വിദ്യാഭ്യാസ ബ്രാന്‍ഡ് അംബാസിഡറാക്കും
എഡിറ്റര്‍
Sunday 11th November 2012 12:52am

ന്യൂദല്‍ഹി:  മലാല യൂസുഫ്‌സായിയെ പാകിസ്ഥാന്റെ വിദ്യാഭ്യാസ ബ്രാന്‍ഡ് അംബാസിഡറാക്കും. പാക് വിദ്യാഭ്യാസമന്ത്രി സര്‍ദാര്‍ ഷാജഹാന്‍ യൂസഫാണ് ദല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍നടന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച പതിനഞ്ചുകാരിയായ മലാലയെ കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് പാക് താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചത്. തലയ്ക്ക് വെടിയേറ്റ മലാല ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്.

Ads By Google

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ് മലാലയെന്ന് മന്ത്രി പറഞ്ഞു. മലാലയുടെ വിഷയത്തില്‍ വിവിധ രാജ്യങ്ങള്‍ നല്‍കിയ പിന്തുണയെ അനുമോദിക്കുന്നു. മലാലയുടെ ധൈര്യവും ആത്മവിശ്വാസവും അംഗീകരിക്കേണ്ടതാണ്.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഡിസംബര്‍ പത്തിന് യുനെസ്‌കോയുമായി സഹകരിച്ച് പാകിസ്ഥാന്‍ നടത്തുന്ന സമ്മേളനം മലാലയുടെ പേരിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തിയ മലാലയ്ക്ക് വെടിയേറ്റ് ഒരുമാസം തികയുന്ന സാഹചര്യത്തിലാണ് ‘മലാലദിനം’ ഇന്നലെ ആചരിച്ചതെന്ന് ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു. മലാലയ്ക്ക് ഐക്യരാഷ്ട്രസഭയും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പിന്തുണ നല്‍കിയിട്ടുണ്ട്. മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കെയാണ് വിദ്യാഭ്യാസ അംബാസഡറാക്കുമെന്ന പാക്മന്ത്രിയുടെ അറിയിപ്പ് വന്നത്.

താലിബാന് കീഴിലെ ജീവിതത്തെക്കുറിച്ച് പതിനൊന്നാം വയസ്സില്‍ മലാല എഴുതിയ ഡയറി ബി.ബി.സി. ഉറുദു പ്രസിദ്ധപ്പെടുത്തിയതോടെയാണ് ഈ പെണ്‍കുട്ടിയെ ലോകം അറിഞ്ഞുതുടങ്ങിയത്. പാകിസ്ഥാനിലെ സ്വാത് താഴ്‌വര താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതാണ് മലാലയെ ആക്രമിക്കാന്‍ പാക് താലിബാനെ പ്രേരിപ്പിച്ചത്.

Advertisement