ലണ്ടന്‍: പാക്കിസ്ഥാന്‍ സുരക്ഷാവിഭാഗം അഫ്ഗാനിസ്ഥാനിലെ താലിബാനെ രഹസ്യമായി സഹായിക്കുന്നുണ്ടെന്ന് നാറ്റോ രേഖകള്‍. മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ എവിടെയാണുള്ളതെന്ന കാര്യം പാക്കിസ്ഥാനും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയ്ക്കും അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നും വിദേശശക്തികള്‍ പിന്മാറിയാല്‍ താലിബാന് അധികാരം ലഭിക്കുമെന്ന് പാക്കിസ്ഥാന്‍ വിശ്വസിക്കുന്നുണ്ട്. ഇതു മുന്നില്‍കണ്ട് താലിബാനുമായി നേരത്തെ തന്നെ ഒരു ബന്ധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്റെ നീക്കം.

ബി.ബി.സി, ടൈംസ് ന്യൂസ്‌പേപ്പറുകളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താലിബാന്‍കാരില്‍ നിന്നും നാറ്റോ കമാന്റേഴ്‌സില്‍ നിന്നുമൊക്കെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഇവര്‍ പറയുന്നു. 4,000ത്തിലധികം താലിബാന്‍ അല്‍-ഖയിദ നേതാക്കളെ നിരവധി തവണ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ബി.ബി.സി പറയുന്നു.

‘ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്ക് പാക്കിസ്ഥാന്‍ സഹായം നല്‍കുന്നുവെന്ന് നിസ്സശംയം പറയാം.’ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നു. ജിഹാദ് തുടരുന്നതിനും അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശശക്തികളെ പുറത്താക്കാനും ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ താലിബാനെ സഹായം നല്‍കുന്നുണ്ട്. താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി സ്ഥിരമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ യു.എസ് പ്രതിരോധമന്ത്രാലയം വിസമ്മതിച്ചു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാനുള്ള സ്വാധീനം ഭീതിയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

‘ ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ല.’ പെന്റഗണ്‍ വക്താവ് ജോര്‍ജ്ജ് ലിറ്റില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നില്‍ക്കാന്‍ താലിബാന് ആവശ്യമായ സഹായം ചെയ്തുനല്‍കുന്നത് പാക്കിസ്ഥാനാണെന്ന ആരോപണം നേരത്തെ തന്നെ ഉയരുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സമാധാന വാഹകനായ ബുര്‍ഹനുദ്ദീന്‍ റബ്ബാനി കൊല്ലപ്പെട്ടതിന് പിന്നില്‍ പാക്കിസ്ഥാനി ചാരന്മാരാണെന്ന റിപ്പോര്‍്ട്ട് പുറത്തുവന്നതോടെ ഈ ആരോപണം ശക്തമായിരുന്നു.

Malayalam news

Kerala news in Kerala