ഇസ്‌ലാമാബാദ്:  ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനും സംഘടനയിലെ മറ്റു അംഗങ്ങള്‍ക്കും അനുവദിച്ച 44 ആയുധ ലൈസന്‍സുകള്‍ പാകിസ്ഥാന്‍ റദ്ദാക്കി. പഞ്ചാബ് അഭ്യന്തര വകുപ്പിന്റെതാണ് നടപടി.

ഹാഫിസ് സഈദിന്റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചാബ് സര്‍ക്കാരിന്റെ നടപടി.

ഹാഫിസ് സഈദ് ഭീഷണിയാണെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ന് പറഞ്ഞിരുന്നു. ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്ന ഭീകരവാദ വിരുദ്ധ യോഗത്തില്‍ പങ്കെടുക്കവെയാണ് ഹാഫിസ് സഈദിനെതിരെ ഖ്വാജ ആസിഫ് പ്രതികരിച്ചിരുന്നത്.

ഹാഫിസ് സഈദിനെയും മറ്റു നാലുപേരെയും 90 ദിവസത്തേക്ക് പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സഈദടക്കം 37 പേര്‍ക്ക് പാകിസ്ഥാന്‍ യാത്രാനിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.


Read more: എ.ബി.വി.പി പ്രതിഷേധം; ദല്‍ഹി സര്‍വകലാശാലയില്‍ ഉമര്‍ ഖാലിദും ഷെഹ്‌ല റാഷിദും പങ്കെടുക്കുന്ന സെമിനാര്‍ മുടങ്ങി


ഹാഫിസ് സഈദിനെ കാണാന്‍ കഴിയില്ലെന്നും അറസ്റ്റിലാക്കിയതിന് പിന്നില്‍ ഇന്ത്യ ചെലുത്തിയ സമ്മര്‍ദ്ദമാണെന്നും സഹോദരനായ ഹാഫിസ് മസൂദ് സി.എന്‍.എന്‍. ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഹാഫിസ് സഈദിനെതിരായ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.