ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീകരവാദിയെന്ന് വിളിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. തെരഞ്ഞെടുക്കപ്പെട്ട ഭീകരവാദിയാണ് മോദിയെന്നും അദ്ദേഹത്തിന്റെ കൈകളില്‍ ഗുജറാത്തിലെ മുസ്‌ലിംങ്ങളുടെ രക്തം പുരണ്ടിരിക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ആര്‍.എസ്.എസ് ഭീകരസംഘടനയാണെന്നും ആസിഫ് പറഞ്ഞു.

ജിയോ ടി.വിയില്‍ ഹാമിദ് മിര്‍ അവതരിപ്പിക്കുന്ന ‘ക്യാപിറ്റല്‍ ടോക്കി’ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംങ്ങളടക്കം കൊല്ലപ്പെടുന്നുണ്ട്. യു.പി തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാനായത് സവര്‍ണ ഹിന്ദുക്കളുടെ പിന്തുണയോടെയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.


Read more:  തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് ഭിന്നശേഷിക്കാരന് ‘ദേശദ്രോഹി’വിളി


ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യാ-പാക് പ്രതിനിധികള്‍ പരസ്പര വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രൂക്ഷമായ വിമര്‍ശനം നടത്തിരുന്നു. ഇന്ത്യ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്റെ ലക്ഷ്യം ജിഹാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു.