വാഷിംഗ്ടണ്‍: അല്‍ഖയിദ തലവന്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ ഓപ്പറേഷന്‍ നടത്തിയത് പാക്കിസ്ഥാന്‍ പോലുമറിയാതെയാണെന്ന് റിപ്പോര്‍ട്ട്. വിവരം പുറത്തായാല്‍ അത് ഓപ്പറേഷനെ ബാധിക്കുമെന്നതിനാലാണ് ഇക്കാര്യം ആരെയും അറിയിക്കാതിരുന്നതെന്ന് പെന്റഗണിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലാദന്‍ പാക്കിസ്ഥാന്‍ ഒളിവില്‍ കഴിയുകയാണെന്ന് അമേരിക്കന്‍ രഹസ്യ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാനെപ്പോലും അറിയിച്ചിരുന്നില്ല. സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടാതെവേണം ഓപ്പറേഷന്‍ നടത്താനെന്ന് വാഷിംഗ്ടണ്‍ തീരുമാനിച്ചിരുന്നു. നാല്‍പ്പതുമിനുറ്റ് നീണ്ട ഓപ്പറേഷനൊടുവിലാണ് ലാദനെയും നാല് കൂട്ടാളികളെയും ഇല്ലാതാക്കിയത്.

2005ലാണ് ലാദന്‍ ഒളിവില്‍കഴിഞ്ഞവീട് നിര്‍മ്മിച്ചത്. ഇവിടെ ഫോണോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാന്റെ സഹായമില്ലാതെ തന്നെ ആ രാഷ്ട്രത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിക്കുന്നുണ്ട് എന്നാണ് ലാദന്റെ കൊലപാതകം വ്യക്തമാക്കുന്നത്.