വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ നിലനില്‍പ്പിന് ഇന്ത്യ ഭീഷണിയാകുമെന്ന് അവര്‍ ഭയക്കുന്നതായി യു.എസ്.

പാക്കിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ താത്പര്യം അതല്ലെന്നും വാഷിംഗ്ടണ്‍ ഇന്റലിജന്‍സ് ചീഫ് ജയിംസ് ക്ലാപ്റ്റര്‍ സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.

നാഷണല്‍ ഇന്റലിജന്‍സ് കമ്മിറ്റി ഡയരക്ടര്‍ ജയിംസ് ക്ലാപ്റ്ററിന്റെ അഭിപ്രായത്തില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ രാജ്യത്തെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ടതാണ്.

എന്നാല്‍ പല കാര്യങ്ങളിലും ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ യോജിക്കുന്നതായിരിക്കണമെന്നില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് കാര്യങ്ങള്‍ ഗൗരവം നിറഞ്ഞതാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി താലിബാന്റെ സ്വാധീനം അവിടെ കുറഞ്ഞതായി കാണുന്നുണ്ട്. എന്നിരുന്നാലും താലിബാന്റെ മുതിര്‍ന്ന തലവന്‍മാരൊക്കെ അവിടെ നിരുപാധികം തുടരുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

അയല്‍രാജ്യമെന്ന നിലയ്ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ സേനയെ ഒഴിപ്പിക്കുന്നതില്‍ പാക്കിസ്ഥാന്‍ പിന്തുണ നല്‍കേണ്ടതുണ്ട്. തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാണ് പാക്കിസ്ഥാന്‍ എന്നാണ് നാഷണല്‍ ഇന്റലിജന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാനായ സാക്‌സ്ബി കേംബ്ലിസിന്റെ അഭിപ്രായം.

പാക്കിസ്ഥാനില്‍ തീവ്രവാദം വേരുറപ്പിക്കാന്‍ അവിടുത്തെ തന്നെ പലഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ട്. അല്‍ഖ്വയ്ദ ആക്രമണങ്ങളെയൊക്കെ ചെറുക്കുന്നതില്‍ പാക്കിസ്ഥാന്‍ മിലിട്ടറിയും സര്‍ക്കാറും തികഞ്ഞ പരാജയമാണ്.

പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്ന പല സംഘടനകളും അമേരിക്കയെ കൂടി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ കാബൂളിലേക്ക് മിലിട്ടറി സന്നാഹങ്ങളേയോ മറ്റ് സജീകരണങ്ങളെയോ അയ്ക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. പാക്കിസ്ഥാനെ അത് പ്രകോപിപ്പിക്കേണ്ട എന്നു കരുതിയാണ് ഇന്ത്യയുടെ ആ തീരുമാനമെന്നും ക്ലാപ്പര്‍ അഭിപ്രായപ്പെട്ടു. അഫ്ഗാന് ആവശ്യമായ സഹായങ്ങളൊക്കെ നല്‍കാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്. അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും ഒരു പോലെ പരിഗണിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English