ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള വാണിജ്യ വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്കായി പാക്ക് വാണിജ്യ- വ്യാപാര മന്ത്രി മക്ദൂം ആമിന്‍ ഫഹീം ഇന്ത്യ സന്ദര്‍ശിക്കുന്നു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ആമിന്‍ ഫഹീം തിങ്കളാഴ്ച ഇന്ത്യയിലെത്തും.

സെപ്റ്റംബര്‍ 28ന് കേന്ദ്രവാണിജ്യമന്ത്രി ആനന്ദശര്‍മ്മയുമായി ഫഹീം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ട്. ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് വാണിജ്യരംഗത്ത് ഏറ്റവും മുന്തിയ പരിഗണന (മോസ്റ്റ് ഫേവേഡ് നേഷന്‍ സ്റ്റാറ്റസ്) നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

വര്‍ഷങ്ങളായി ഇന്ത്യ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണിത്. പകരമായി കയറ്റുമതിക്കുള്ള തീരുവ എടുത്തുകളയണമെന്ന് ഇന്ത്യയോട് പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചും ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്ന്ത്.

മൂന്ന് വര്‍ഷം മുമ്പ് നടന്ന് മുംബൈ ആക്രമണത്തിന് ശേഷം നഗരത്തിലെത്തുന്ന ആദ്യ പാക്കിസ്താന്‍ മന്ത്രിയാണ് ആമിന്‍ ഫഹീം. മുംബൈയിലെ താജ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്താന്‍ സംയുക്ത ബിസിനസ്സ് സമ്മേളനത്തിലും ഫഹീം പങ്കെടക്കും. ചടങ്ങില്‍ ഇന്ത്യയിലെയും പാക്കിസ്താനിലെയും പ്രമുഖ കമ്പനി മേലധികാരികള്‍ പങ്കെടുക്കുന്നുണ്ട്.