ന്യൂദല്‍ഹി: വിവാദ പാക്കിസ്ഥാന്‍ സ്പീഡ് ബൗളര്‍ ഷൊയ്ബ് അക്തര്‍ പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത്. താനടക്കമുള്ള മിക്ക പാക് ബൗളര്‍മാരും പന്തില്‍ സ്ഥിരമായി കൃത്രിമം കാട്ടാറുണ്ടെന്നാണ് അക്തറുടെ വെളിപ്പെടുത്തല്‍. അധികസ്വിങ് ആവശ്യമുള്ളപ്പോഴെല്ലാം പാകിസ്ഥാനീ ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാട്ടാറുണ്ടെന്ന ആരോപണം തലമുറകളായി പാകിസ്ഥാന്‍ ബൗളര്‍മാരെ വേട്ടയാടുന്നുണ്ട്.. എന്നാല്‍ അന്താരാഷ്ട്ര കളികളില്‍ നിരോധിച്ചിട്ടുള്ള ഈ കൃത്രിമം താന്‍ നടത്തിയെന്ന് ആദ്യമായി വെളിപ്പെടുത്തുന്ന താരമായി അക്തര്‍.

‘ഒട്ടുമിക്ക പാക് ഫാസ്റ്റ് ബൗളര്‍മാരും ബോളില്‍ കൃത്രിമത്വം കാട്ടാറുണ്ട്. എന്നാല്‍ ഞാന്‍ മാത്രമായിരിക്കും ഇതാദ്യമായി സമ്മതിക്കുന്നത്’ ഷോയിബ് അക്തര്‍ ‘കോണ്‍ട്രവേര്‍ഷ്യലി യുവേര്‍സ്’ എന്ന തന്റെ ആത്മകഥയില്‍ പറയുന്നു. ‘സത്യസന്ധമായി പറഞ്ഞാല്‍ ലോകത്തിലെ എല്ലാ ടീമുകളും പന്തില്‍ കൃത്രിമം കാട്ടാറുണ്ട്. വേഗത കുറഞ്ഞ പിച്ചുകളില്‍ സ്വിങ് ലഭിക്കാന്‍ ഇതല്ലാതെ വേറെ പോംവഴിയൊന്നുമില്ല’ ബൗളില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ തന്റെ കരിയറില്‍ രണ്ട് തവണ സസ്‌പെന്‍ഷന്‍ നേരിട്ടതായൂം അക്തര്‍ ആത്മകഥയില്‍ പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് അക്തറിന്റെ ആത്മകഥയില്‍. സച്ചിനും ദ്രാവിഡിനും കളി ജയിപ്പിക്കാന്‍ അറിയില്ലെന്നും സച്ചിന് തന്റെ ബൗളിങിനെ പേടിയായിരുന്നെന്നും ആണ് ആത്മകഥയില്‍ അക്തര്‍ പറയുന്നത്. ‘കോണ്‍ട്രവേര്‍ഷ്യലി യുവേര്‍സ്’ എന്ന പേര് സൂചിപ്പിക്കും പോലെ വിവാദമാകാന്‍ ഇടയുള്ള ഒട്ടേറെ പരാമര്‍ശങ്ങളാണ് ആത്മകഥയില്‍ അക്തര്‍ വെളിപ്പെടുത്തുന്നത്.