ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മുഹറം ആഘോഷത്തോടനുബന്ധിച്ച് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇസ്‌ലാമാബാദ് അടക്കമുള്ള നഗരങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം നിരോധിച്ചു.

Ads By Google

ഇത് രണ്ടാം തവണയാണ് മുഹറം ആഘോഷത്തോടനുബന്ധിച്ച് പാകിസ്താനില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തതുന്നത്. കഴിഞ്ഞ ബുധനാഴ്ച മുഹറം ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഘോഷയാത്ര കടന്നു പോകുന്നവഴിക്ക് ഒരു ചവറ്റുകുട്ടയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഏതാണ്ട് 50 ഓളം നഗരങ്ങളിലാണ് മൊബൈല്‍ സേവനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടുകൂടി കറാച്ചി, ക്വിറ്റ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലെ മൊബൈല്‍ സേവനം നിലച്ചിരുന്നു. ശനി-ഞായര്‍ ദിവസങ്ങളിലും നിരോധനം തുടരുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലെ 49 നഗരങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെ നിരോധനമുണ്ടാകുന്നാണ് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറയുന്നത്.

അതേസമയം, ബുധനാഴ്ച്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം തഹ്‌രീക്-ഇ-താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. മൊബൈല്‍ സേവനം നിര്‍ത്തിവെച്ചത് കൊണ്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഷിയാക്കളുടെ മുഹറം ആഘോഷം എന്ത് വിലകൊടുത്തും തടയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.