ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ കൊലപാതകത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീര്‍. വെടിനിര്‍ത്തലിന് പാക് സൈനികര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മാറ്റുന്നതിനായി രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എന്ത് സംഭവിച്ചാലും അതിനുത്തരവാദി പാക്കിസ്ഥാന്റെ തലയില്‍ കെട്ടിവെക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads By Google

ഈ അവസ്ഥയില്‍ മാറ്റമുണ്ടാകണം. അതിര്‍ത്തിയിലെ സ്ഥിതി ശാന്തമാക്കുന്നതിനായി ആവശ്യമായ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി ശാന്തമാക്കുന്നതിനായി രണ്ട് രാജ്യങ്ങളും ഒരു പോലെ ശ്രമിക്കണമെന്നും സല്‍മാന്‍ ബഷീര്‍ പറഞ്ഞു.

അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ സുസ്ഥിരമായ ബന്ധം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഭാഷണമാണ് പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഏകവഴിയെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയുടെ പല നടപടികളും യുദ്ധത്വര വളര്‍ത്തുന്നതാണെന്നും അവര്‍ തുറന്നടിച്ചിരുന്നു.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.