ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിനെതിരായ അഞ്ചാം ഏകദിനത്തില്‍ പാകിസ്ഥാന് ജയം. ഓപ്പണര്‍ അഹമ്മദ് ഷെഹസാദിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. 41 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. ഇതോടെ ആറ് മല്‍സരങ്ങളുടെ പരമ്പര 3- 1ന് പാക്കിസ്ഥാന്‍ സ്വന്തമാക്കി.

ജയിക്കാന്‍ 269 റണ്‍സ് വേണ്ടിയിരുന്ന കിവീസിന് 46.5 ഓവറില്‍ 227 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 41 റണ്‍സിന് സന്ദര്‍ശകര്‍ ജയിച്ചു. റോസ് ടെയ്‌ലര്‍ (69), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (65) എന്നിവര്‍ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും ഷഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

നേരത്തെ ഷെഹസാദിന്റെ കന്നി സെഞ്ചുറിയുടെ ബലത്തില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 268 റണ്‍സ് നേടി. 109 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും അടക്കം 115 റണ്‍സാണ് ഷെഹസാദ് നേടിയത്. ഉമര്‍ അക്മല്‍ (32), മിസ്ബാ ഉള്‍ ഹഖ് (25), ഷാഹിദ് അഫ്രീദി (24) എന്നിവര്‍ ഷെഹസാദിന് മികച്ച പിന്തുണ നല്‍കി.

സെഞ്ചുറി നേടിയ ഷെഹസാദാണ് കളിയിലെ കേമന്‍. കിവീസിന് വേണ്ടി കെയ്ല്‍ മില്‍സ്, സ്‌കോട്ട് സ്റ്റൈയിറിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. പരമ്പരിയിലെ അവസാന മല്‍സരം ശനിയാഴ്ച നടക്കും.