ലണ്ടന്‍: താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാക് വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌സായിക്ക് ധീരതയ്ക്കുള്ള അവാര്‍ഡ്.

വേള്‍ഡ് പീസ് ആന്റ് പ്രോസ്പിരിറ്റി ഫൗണ്ടേഷന്റെ പുരസ്‌കാരമാണ് മലാലയ്ക്ക് ലഭിച്ചത്. മലാലയ്ക്ക് വേണ്ടി ബ്രിട്ടനിലെ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സുള്‍ഫിക്കര്‍ ഗര്‍ദേസി പുരസ്‌കാരം ഏറ്റുവാങ്ങി.

Ads By Google

ലോകസമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് വേള്‍ഡ് പീസ് ആന്റ് പ്രോസ്പിരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

മലാല യൂസുഫ്‌സായിയെ പാകിസ്ഥാന്റെ വിദ്യാഭ്യാസ ബ്രാന്‍ഡ് അംബാസിഡറാക്കുമെന്ന് കഴിഞ്ഞ ദിവസം പാക് വിദ്യാഭ്യാസമന്ത്രി സര്‍ദാര്‍ ഷാജഹാന്‍ യൂസഫ് അറിയിച്ചിരുന്നു.

മലാലയ്ക്ക് ഐക്യരാഷ്ട്രസഭയും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പിന്തുണ നല്‍കിയിട്ടുണ്ട്. മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കെയാണ് വിദ്യാഭ്യാസ അംബാസഡറാക്കുമെന്ന പാക്മന്ത്രിയുടെ അറിയിപ്പ് വന്നത്.

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തിയ മലാലയ്ക്ക് വെടിയേറ്റിട്ട് ഒരുമാസം പിന്നിട്ടുകഴിഞ്ഞു.

സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് 14 കാരിയായ മലാലയെ താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. പാക്കിസ്ഥാനില്‍ ചികിത്സയിലായിരുന്ന മലാലയെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15 നാണ് ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

താലിബാന് കീഴിലെ ജീവിതത്തെക്കുറിച്ച് പതിനൊന്നാം വയസ്സില്‍ മലാല എഴുതിയ ഡയറി ബി.ബി.സി. ഉറുദു പ്രസിദ്ധപ്പെടുത്തിയതോടെയാണ് ഈ പെണ്‍കുട്ടിയെ ലോകം അറിഞ്ഞുതുടങ്ങിയത്. പാകിസ്ഥാനിലെ സ്വാത് താഴ്‌വര താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതാണ് മലാലയെ ആക്രമിക്കാന്‍ പാക് താലിബാനെ പ്രേരിപ്പിച്ചത്.