കറാച്ചി: പാക്കിസ്ഥാനില്‍ അധ്യാപകരായിരുന്ന രണ്ടു ചൈനീസ് പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ഭീകരസംഘടനയായ ഐ.എസ്.

ഐ.എസുമായി ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയി വധിച്ചതായി വെളിപ്പെടുത്തിയത്.

സംഭവം അതീവഗൗരവകരമാണെന്നും ഇതിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.


Dont Miss കര്‍ഷകരുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.എസ് അനുബന്ധ സംഘടന


പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നാണ് ചൈനീസ് പൗരന്‍മാരെ തട്ടിക്കൊണ്ടുപോയതെന്നാണ് ഐഎസ് അറിയിച്ചിരിക്കുന്നത്. ബലൂച്ചിസ്ഥാനിലെ ക്വറ്റയില്‍ ഭാഷാധ്യാപകരായിരുന്ന രണ്ടുപേരെ ഇക്കഴിഞ്ഞ മേയ് 24നാണ് തട്ടിക്കൊണ്ടുപോയത്.

ചൈനയില്‍നിന്നുള്ളവര്‍ക്ക് മികച്ച സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന പാക്ക് അവകാശവാദത്തിന് തിരിച്ചടിയാണ് ഐഎസിന്റെ പ്രഖ്യാപനം.

തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ പ്രവിശ്യയില്‍നിന്ന് പിടികൂടിയ രണ്ട് ചൈനീസ് പൗരന്‍മാരെ ഐഎസ് പോരാളികള്‍ വധിച്ചു എന്നായിരുന്നു അമാഖ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അതേസമയം, ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇനിയും ലഭിച്ചിട്ടില്ലെന്നും നിജസ്ഥിതി അന്വേഷിച്ചുവരികയാണെന്നുമാണ് ബലൂച്ചിസ്ഥാന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രതികരണം.

അതേസമയം, രണ്ടു ചൈനീസ് പൗരന്‍മാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നെന്ന വിവരം ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയമെന്നും അധികൃതര്‍ വ്യക്തമാക്കി.